ഉറക്കം കെടുത്തുന്ന ബ്ലാക്ക്മാന്‍

കാട്ടുമൃഗങ്ങളുടെയും കാട്ടാനകളുടെയും ശല്യം, ബഫര്‍സോണ്‍ ഭീതി, വെള്ളപ്പൊക്ക- ഉരുള്‍പ്പൊട്ടല്‍ ഭീതി, കുടിവെള്ള പ്രതിസന്ധി, ഗതാഗത പ്രശ്നം, പെരുമ്പാമ്പിന്റെയും രാജവെമ്പാലയും തുടങ്ങി വിഷപാമ്പുകളുടെ ശല്യം മലയോരത്തെ അലട്ടുന്ന വര്‍ഷങ്ങളായുള്ള പ്രശ്നങ്ങളാണിത്. എന്നാല്‍ ഇപ്പോള്‍ അജ്ഞാതന്റെ വിളയാട്ടത്തില്‍ മലയോരവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
MUBEENA.K
Published on 04 August 2023 IST


ദിവസങ്ങളായി നീളുന്നു ആശങ്ക

രാത്രി 9 മുതല്‍ പുലര്‍ച്ചെ 5.30 വരെ ഏതു വീടിന്റെ ജനലിലും ഭിത്തിയിലും അജ്ഞാതന്‍ സാന്നിധ്യമറിയിക്കാം. ആദ്യം കുടയും വസ്ത്രങ്ങളും മടക്കിവയ്ക്കുകയും ബള്‍ബ് ഊരി വയ്ക്കുകയും ചെയ്തിരുന്നയാള്‍ ഇപ്പോള്‍ ബ്ലാക്ക്മാന്‍, എക്സ് എന്നിങ്ങനെ കരിക്കട്ട വച്ച് എഴുതിവെച്ച ശേഷമാണ് മടങ്ങുന്നത്. ഒരാഴ്ചയായി ചെറുപുഴയിലും പരിസര പ്രദേശത്തും വിളയാട്ടം തുടരുന്ന അജ്ഞാതന്റെ സാന്നിധ്യം മാസങ്ങള്‍ക്ക് മുമ്പ് പഴയങ്ങാടി മേഖലയിലായിരുന്നു. പിന്നീട് ഉദയഗിരി, ആലക്കോട് പ്രാന്തപ്രദേശങ്ങളിലുമെല്ലാം അജ്ഞാതന്‍ വിളയാടുകയാണ്. 'നേരത്തേ രാത്രി 11.30 വരെ അങ്ങാടികളില്‍ ആളുകളുണ്ടായിരുന്നു. ഇപ്പോള്‍ വൈകിട്ട് ഇരുള്‍ മൂടാനാകുമ്പോഴേക്കും വീട്ടില്‍ നിന്നു വിളിവരും. സ്ത്രീകളും കുട്ടികളുമായിരിക്കും അങ്ങേതലയ്ക്കല്‍. പേടിയോടെയായിരിക്കും വിളിക്കുന്നത്. കൊവിഡ് കാലത്തുണ്ടായ പ്രതീതിയാണ് ഇപ്പോള്‍ പ്രാപ്പൊയില്‍ ഭാഗത്ത് വൈകുന്നേരത്തോടെയുള്ള കാഴ്ച്ച.

 

ഒറ്റയ്ക്ക് ഇറങ്ങാനും ഉറങ്ങാനും പേടി

ഒറ്റയ്ക്ക് കിടന്നിരുന്ന പലരും ഇപ്പോള്‍ ഒരുമിച്ചാണ് ഉറക്കം. മാതാപിതാക്കളുടെ കൂടെയായി ചെറുപ്പക്കാരുടെ ഉറക്കം. പുറത്തിറങ്ങാനോ അതിലേറെ ഭയം. വീടിന്റെ പരിസരത്തു നിന്നുള്ള ചെറിയ ശബ്ദത്തില്‍ പോലും ആശങ്കയാണുണ്ടാക്കുന്നത്.
ഭയാന്തരീക്ഷം സൃഷ്ടിക്കുന്നത് അതിഥിത്തൊഴിലാളികളായിരിക്കാം എന്ന നിഗമനത്തിലായിരുന്നു തുടക്കത്തില്‍ നാടും പോലിസും. എന്നാല്‍ ഇംഗ്ലിഷിലും മലയാളത്തിലും 'ബ്ലാക്ക്മാന്‍' എഴുത്ത് പ്രത്യക്ഷപ്പെട്ടതോടെ അന്വേഷണം പലവഴിക്കായി. ഒരാഴ്ച നീളുന്ന അജ്ഞാത വിളയാട്ടത്തെ തുടര്‍ന്നു പ്രദേശത്തെ യുവാക്കള്‍ രാത്രി മുതല്‍ പുലര്‍ച്ചെ ആറു വരെ കാവല്‍ നില്‍ക്കുകയാണ്. എന്നാല്‍ തിരച്ചില്‍ സംഘങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കൃത്യമായി അജ്ഞാതന്‍ എത്തുന്നതിനാല്‍ ഒന്നിലധികം ആളുകള്‍ ഉണ്ടാകാം എന്ന നിഗമനത്തിലാണു ഇപ്പോള്‍ നാട്ടുകാര്‍.

ഇരുട്ടിലാണ് വിളയാട്ടം

ആ പ്രദേശത്ത് രാത്രി 8.30 മുതലുള്ള ഒരു മണിക്കൂറില്‍ പ്രാപ്പൊയില്‍ ഭാഗത്തു മാത്രം വൈദ്യുതി പോയത് പത്തിലേറെ തവണ. പകലും രാത്രിയും ഇടവേളകളില്ലാതെ വൈദ്യുതി മുടക്കം ഇവിടെ പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു. ഇരുപതിലധികം ജീവനക്കാരുള്ള ചെറുപുഴ സബ് സ്റ്റേഷനില്‍ ഒട്ടേറെ തവണ പരാതി നല്‍കിയിട്ടും ഫലം കണ്ടിട്ടില്ല. തിരച്ചില്‍ നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങും. ആ ഇടവേളയിലാണ് പല വീടുകളിലും അജ്ഞാതന്‍ എത്തുന്നതെന്ന് തിരച്ചിലിലുള്ള യുവാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

ബ്ലാക്ക്മാന്‍, എക്സ്മാന്‍ അടയാളം
 
ചെറുപുഴ പോലിസ് സ്റ്റേഷന്‍ പരിധിയിലെ പ്രാപ്പൊയില്‍ ഈസ്റ്റില്‍ 28നു രാത്രി അജ്ഞാതന്‍ എത്തിയിരുന്നു. 27നു രാത്രി കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്ത വീടുകളുടെ സമീപത്തെ വീടുകളിലാണു 28നു രാത്രി അജ്ഞാതന്റെ വിളയാട്ടം ഉണ്ടായത്. വീടുകള്‍ക്കു പുറമേ 28നു ഗോക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ ഭിത്തിയുടെ ഇരുവശങ്ങളിലും കരി കൊണ്ടു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ ഇംഗ്ലിഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. കുപ്പാടക്കല്‍ കൃഷ്ണന്റെ വീടിന്റെ ഭിത്തിയില്‍ ഇംഗ്ലിഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. ഇതില്‍ എക്സ്മാന്‍ അല്ലെന്നും ബ്ലാക്ക്മാനാണെന്നും എഴുതിയിട്ടുണ്ട്.കോഴിക്കാമൂളയില്‍ സെബാസ്റ്റ്യന്റെ വീടിന്റെ ഭിത്തിയില്‍ എഴുതുകയും സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസില്‍ ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഞ്ഞിലിക്കല്‍ ജോസഫിന്റെ ഭിത്തിയില്‍ എഴുതിയ ശേഷം വാതിലില്‍ ശക്തമായി അടിച്ചു ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ഈ സമയം ജോസഫ് ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ടു ലൈറ്റ് ഇട്ടു നോക്കിയെങ്കിലും ആരെയും കാണാനില്ലായിരുന്നു. കഴിഞ്ഞദിവസം രാത്രി 11.30ന് കോക്കടവിലെ പുത്തോത്ത് ജയിസന്റെ വീട്ടിലെത്തിയ അജ്ഞാതന്‍ വാതിലില്‍ അടിച്ചു ശബ്ദമുണ്ടാക്കി. വീട്ടുകാര്‍ ഉണര്‍ന്നതോടെ അജ്ഞാതന്‍ ഓടി ചെറുപുഴ-തിരുമേനി മരാമത്ത് റോഡില്‍ എത്തി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലിസും നാട്ടുകാരും ചേര്‍ന്നു വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും അജ്ഞാതനെ കണ്ടെത്താനായില്ല. ജയിസന്റെ വീട്ടിലെ വളര്‍ത്തു പൂച്ചയെ വീടിനു സമീപത്തു ചത്ത നിലയില്‍ കണ്ടെത്തി.

 

തിരച്ചില്‍ മുറുക്കി, ഓടി ഒളിച്ചു അജ്ഞാതന്‍

അനാവശ്യമായി ടോര്‍ച് തെളിക്കരുത് എന്നാണ് തിരച്ചില്‍ സംഘങ്ങള്‍ക്കുള്ള പ്രധാന നിര്‍ദേശം. വീടിനടുത്തുള്ള പറമ്പിലെ ആ വെളിച്ചം മതി പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കാന്‍ എന്നത് കൊണ്ടാണ് ഈ നിര്‍ദേശം. സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചില്‍ വ്യാപിപ്പിക്കാന്‍ ചെറുപുഴ എസ്എച്ച്ഒ ടി.പി ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് നടക്കുന്നത്. ഒറ്റ വാട്സാപ് ഗ്രൂപ്പ് വഴി തിരച്ചില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതിനു പകരം പരസ്പരം അറിയാവുന്നവര്‍ ഉള്‍പ്പെടുന്ന ചെറു ഗ്രൂപ്പുകളിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യം ഉപയോഗിക്കാനാവാതെ വന്ന സാഹചര്യത്തില്‍ അങ്ങാടികളിലെ ക്യാമറകള്‍ റോഡിലേക്ക് സ്ഥാപിക്കാനും ദൃശ്യത്തിന്റെ വ്യക്തത ഉറപ്പ് വരുത്താനും പദ്ധതിയിട്ടിരിക്കുകയാണ്.  

 

സി.സി.ടി.വി ദൃശ്യത്തില്‍ കുടുങ്ങി

ചെറുപുഴയിലും പരിസര പ്രദേശത്തും വിളയാട്ടം തുടരുന്ന അജ്ഞാതന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞതോടെ അജ്ഞാതനു വേണ്ടിയുള്ള തിരച്ചലിന് ആക്കം കൂടി. കഴിഞ്ഞ ദിവസം രാത്രിയില്‍ പെരുന്തടം ചങ്ങാതിമുക്കില്‍ കല്ലംമാക്കല്‍ സുധയുടെ വീട്ടിലെ സിസിടിവിയിലാണ് ഇയാളുടെ ദൃശ്യം പതിഞ്ഞത്. വീട്ടിലെ സിസിടിവിയിലാണു കുടുങ്ങിയത്. മുണ്ട് മടക്കിക്കുത്തി, തലയും ദേഹവും മറയ്ക്കുന്ന കോട്ട് ധരിച്ച് സുധയുടെ വീട്ടിലെത്തിയ അജ്ഞാതന്‍ ചെളി കൊണ്ടു ബ്ലാക്ക്മാനെന്നു മലയാളത്തിലും ഇംഗ്ലിഷിലും എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തശേഷം കുറച്ചു മാറി നിന്നു ഭിത്തിയിലെ 'കലാപ്രവര്‍ത്തനത്തിന്റെ' ഭംഗി ആസ്വാദിച്ച്  തിരിച്ചു പോകുന്ന ദൃശ്യമാണു സിസിടിവിയില്‍ പതിച്ചത്.
എന്നാല്‍ ആളെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ല. ഇയാള്‍ എത്തുന്നതിനു കുറച്ചു മുന്‍പാണു വീട്ടുകാര്‍ ഉറങ്ങാന്‍ പോയത്. ഭിത്തിയില്‍ എഴുതുന്ന സമയത്തു വീടിനു മുന്നിലെ ബള്‍ബുകള്‍ കത്തുന്നുണ്ടായിരുന്നു. സമീപത്തു വീടുകള്‍ ഉണ്ടായിട്ടും യാതൊരു ഭയമില്ലാതെ ടാറിങ് റോഡില്‍ നിന്നു നേരെ വീട്ടിലെത്തി ഭിത്തിയില്‍ എഴുതി അതേവഴി തന്നെയാണു അജ്ഞാതന്‍ തിരികെപ്പോയത്. മെലിഞ്ഞ ശരീര പ്രകൃതക്കാരനായ അജ്ഞാതന്‍ ചെരിപ്പ് ധരിച്ചിട്ടുമുണ്ട്. സുധയുടെ ഉള്‍പ്പെടെ ഒട്ടേറെ വീടുകളില്‍ എത്തിയ ഇയാള്‍, ഭിത്തിയില്‍ ബ്ലാക്ക്മാന്‍ എന്നെഴുതി കടന്നു കളഞ്ഞിരുന്നു. മുന്‍പും വിവിധ വീടുകളുടെ ഭിത്തികളിലും മതിലുകളിലും കരി കൊണ്ട് എഴുതിയും ചിത്രം വരച്ചും ഇയാള്‍ ഭീതി പരത്തിയത്. കൈടാചിറ സന്തോഷ്, കമ്പിയില്‍ ദേവി, വടക്കേടത്ത് മോണ്‍സ്, തെക്കേകുന്നില്‍ അപ്പു എന്നിവരുടെ വീടുകളുടെ ഭിത്തിയില്‍ കരി കൊണ്ടു ബ്ലാക്ക്മാന്‍ എന്നു എഴുതിയിട്ടുമുണ്ട്. പിന്നീട് പുതുപ്പറമ്പില്‍ ജയപ്രകാശിന്റെ വീട്ടിലെത്തി വാതിലില്‍ ഇടിച്ച് ശബ്ദമുണ്ടാക്കി. വീട്ടുകാര്‍ ഏഴുന്നേറ്റു വന്നപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.


ചെങ്ങല്‍ തടത്തിലുമുണ്ട് അജ്ഞാതന്‍

പഴയങ്ങാടി ഏഴോം പഞ്ചായത്തിലെ ചെങ്ങല്‍ തടത്തില്‍ കഴിഞ്ഞ ആഴ്ച രാത്രി 10.15 ഓടെ അജ്ഞാതന്റെ വിളയാട്ടം വീട്ടമ്മയെ പരിഭ്രാന്തിയിലാക്കിയത്. പട്ടികുരയ്ക്കുന്നത് കേട്ട്  നോക്കിയപ്പോള്‍ വീടിന്റെ പിറക് വശത്തെ ഊട് വഴിയിലൂടെ ഒരാള്‍ വേഗത്തില്‍ ഓടുന്നത് കണ്ടു. പട്ടികള്‍ പിറകെ യുണ്ടായിരുന്നെന്നും വീട്ടമ്മ പറയുന്നു. രാത്രി 12 ഓടെ സമീപത്തെ വീടിനു പുറത്തുനിന്ന് പാത്രങ്ങള്‍ വലിച്ചിടുന്ന ശബ്ദം കേട്ട് സമീപ വാസികളെ ഫോണ്‍ വിളിച്ച് അറിയിച്ചു. പുറത്തിറങ്ങിയപ്പോള്‍ വീടിനു പുറത്തുണ്ടായിരുന്ന ബക്കറ്റ് തട്ടിയിട്ട നിലയിലും ഇരുമ്പ് ഏണി എടുത്ത് മാറ്റിയ നിലയിലുമായിരുന്നു. പോലിസ് പരിശോധന നടത്തിയെങ്കിലും അജ്ഞാതനെ കണ്ടെത്താനായില്ല.


വല വിരിക്കാന്‍ ഒരുങ്ങി പോലിസും നാട്ടുകാരും

അജ്ഞാതന്റെ വിളയാട്ടം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതസമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം പോലിസ് വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. ചെറുപുഴ എസ്എച്ച്ഒ ടി.പി ദിനേശന്‍ പ്രാപ്പൊയില്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. പഞ്ചായത്ത് അംഗങ്ങളായ കെ.എം.ഷാജി, വി.ഭാര്‍ഗവി, സന്തോഷ് ഇളയിടത്ത്, പോലിസ് ഉദ്യേഗസ്ഥര്‍ എന്നിവര്‍ക്കു പുറമേ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യുവാക്കളും യോഗത്തില്‍ പങ്കെടുത്തു. സ്‌ക്വാഡുകള്‍ രൂപീകരിച്ച് അതത് പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കുക, ഓരോ പ്രദേശങ്ങളിലെയും തിരച്ചില്‍ സംഘങ്ങളില്‍ അതത് പ്രദേശങ്ങളിലുള്ള ആളുകള്‍ മാത്രം പങ്കെടുക്കുക, കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുക, നിലവിലെ ക്യാമറകള്‍ പരമാവധി പ്രയോജനപ്പെടുത്തുക, ഫോണ്‍ വിളി ഒഴിവാക്കി സന്ദേശം വാട്സാപ് ഗ്രൂപ്പ് കൈമാറുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait