വന്യമൃഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള കൃഷിയുമായി ആറളം

നാക് ബ്രാന്റില്‍ പുറത്തിറക്കുന്ന മഞ്ഞള്‍ പൊടിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വന്യമൃഗശല്യമേറെയുള്ള ഈ പ്രദേശങ്ങളില്‍ പൊതുവേ സുരക്ഷിതമായ കൃഷിയെന്ന രീതിയിലാണ് മഞ്ഞള്‍ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്
Published on 04 August 2023 IST

ആറളം: ലോക വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള കേരളത്തിന്റെ സ്വന്തം വയനാടന്‍ മഞ്ഞളിന് പുതുജീവനേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ നിവാസികള്‍. നബാര്‍ഡിന്റെ ആദിവാസി വികസന പദ്ധതിയില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സി ആര്‍ ഡി) നടപ്പിലാക്കി വരുന്ന ആദിവാസി വികസന പദ്ധതിയിലൂടെ മഞ്ഞള്‍ വ്യാപകമായി കൃഷി ചെയ്യുന്നു. ആദിവാസി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന  'നാക്' എന്ന പദ്ധതിയുടെ ഭാഗമായാണിത്. നാക് ബ്രാന്റില്‍ പുറത്തിറക്കുന്ന മഞ്ഞള്‍ പൊടിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വന്യമൃഗശല്യമേറെയുള്ള  ഈ പ്രദേശങ്ങളില്‍ പൊതുവേ സുരക്ഷിതമായ കൃഷിയെന്ന രീതിയിലാണ് മഞ്ഞള്‍ കൃഷി  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 1096 കുടുംബങ്ങള്‍ക്ക് 25 ടണ്‍ വയനാടന്‍ മഞ്ഞള്‍ വിത്താണ് പദ്ധതി പ്രദേശത്ത് കൃഷിക്കായി നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാത്രം 5.74 ടണ്‍ വിത്ത് 514 കുടുംബങ്ങള്‍ കൃഷിക്കുപയോഗിച്ചു. ഇതിലൂടെ വിളവെടുത്ത 29 ടണ്‍ മഞ്ഞള്‍ ആദിവാസി കര്‍ഷകരില്‍ നിന്ന് കക്കുവയിലെ വിപണനകേന്ദ്രം വഴി വാങ്ങി സംഭരിച്ചു. വിപണി വിലയേക്കാള്‍ ഒരു രൂപ അധികം നല്‍കിയാണ് മഞ്ഞള്‍ സംഭരിക്കുന്നത്. പദ്ധതി പ്രദേശത്ത് രൂപീകരിച്ച ജെഎല്‍ജികളുടെ നേതൃത്വത്തില്‍ കൂട്ട് സംരംഭമായും മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട്. തികച്ചും ജൈവിക രീതിയില്‍  ഉല്‍പാദിപ്പിക്കുന്ന  മഞ്ഞള്‍ പൊടിച്ച് എടുക്കുന്നതും പരമ്പരാഗത രീതിയിലായതിനാല്‍ മഞ്ഞളിന്റെ മുഴുവന്‍ ഔഷധ ഗുണവും മണവും രുചിയും ഇവയ്ക്കുണ്ട്. ആദിവാസി മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന മഞ്ഞള്‍ കക്കുവയില്‍ സ്ഥാപിച്ചിരിക്കുന്ന ചൈതന്യ മഞ്ഞള്‍ പൊടി യൂണിറ്റില്‍ നിന്നുമാണ് പൊടിച്ച് പായ്ക്കറ്റുകളില്‍ നിറയ്ക്കുന്നത്. ഉണക്കി പൊടിച്ച മഞ്ഞള്‍ പൊടി കിലോഗ്രാമിന് 250 രൂപയും, ഉണക്കിയ മഞ്ഞളിന് 200 രൂപയുമാണ് വില. കക്കുവ നാക് വിപണന കേന്ദ്രം, കോട്ടപ്പാറ കശുവണ്ടി യൂണിറ്റ്, വളയന്‍ചാല്‍ കൃപ തയ്യില്‍ യൂണിറ്റ് എന്നിവിടങ്ങളില്‍ മഞ്ഞള്‍ ലഭ്യമാണ്. ജില്ലയിലേക്ക് ആവശ്യമായ പരമാവധി മഞ്ഞള്‍ വിത്ത് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുക, വയനാടന്‍ മഞ്ഞളിന്റെ ഗുണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് പദ്ധതി നിര്‍വ്വഹണത്തിന് നേതൃത്വം കൊടുക്കുന്ന ഗ്രാമ ആസൂത്രണ സമിതിയും സി ആര്‍ ഡിയും ലക്ഷ്യമാക്കുന്നതെന്ന് പ്രോഗ്രാം ഓഫീസര്‍ ഇ സി ഷാജി പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് +919400538802 എന്ന ഫോണ്‍ നമ്പര്‍ വഴി നേരിട്ട് മഞ്ഞള്‍ ലഭ്യമാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait