സഹകരണ ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച സംഭവം: ആത്മഹത്യാകുറിപ്പ് കോടതി വഴി രാസപരിശോധനക്ക്

സ്ഥാപനത്തില്‍ മുമ്പുണ്ടായിരുന്ന വ്യക്തിക്കെതിരേയുള്ള പരാമര്‍ശവും താന്‍ ഡിപ്രഷന് മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണെന്ന കത്തിലെ വിവരണവും പോലീസ് പരിശോധിക്കുന്നു
Published on 02 August 2023 IST

 

പരിയാരം: സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തിൽ  തൂങ്ങിമരിച്ച സംഭവത്തിൽ പരിയാരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.  സംഭവസ്ഥലത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ആത്മഹത്യാകുറിപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ.പി.സി.സഞ്ജയ് കുമാർ ഇന്ന് പയ്യന്നൂർ കോടതിയുടെ അനുമതിയോടെ രാസപരിശോധനക്ക് അയക്കും .സൊസൈറ്റി ജീവനക്കാരേയും വീട്ടുകാരേയും അടുത്ത ദിവസംചോദ്യം ചെയ്യും. തുടരന്വേഷണത്തിൽ കത്തിൽ പരാമർശവിധേയനായ വ്യക്തിയെയും പോലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ചയാണ്
രാമന്തളി
കുന്നരു കാരന്താട്ടിലെ കൂലേരി സുരേന്ദ്രന്റെ ഭാര്യയും കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരിയുമായ കടവത്ത് വളപ്പില്‍ സീന (43)  ജോലിചെയ്യുന്ന സൊസൈറ്റി കെട്ടിടത്തില്‍ കെട്ടിത്തൂങ്ങിയത്. സൊസൈറ്റി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ചായ ഉണ്ടാക്കുന്നതിനായി പോയ സീനയെ കാണാതെ വന്നതിനെ തുടര്‍ന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഉച്ചക്ക് ഒന്നരയോടെ മരണപ്പെടുകയായിരുന്നു

വിവരമറിഞ്ഞെത്തിയ പരിയാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിയിരുന്നു.സ്ഥാപനത്തില്‍ മുമ്പുണ്ടായിരുന്ന വ്യക്തിക്കെതിരേയുള്ള പരാമര്‍ശവും താന്‍ഡിപ്രഷന് മരുന്നുകഴിച്ചുകൊണ്ടിരിക്കുകയാണെന്ന കത്തിലെ വിവരണവും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ കത്താണ് കോടതിയുടെ അനുമതിയോടെ പോലീസ് രാസപരിശോധനക്കായി അയക്കുന്നത്. എന്നാല്‍ കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തി ഒരുവര്‍ഷത്തോളമായി ബാഗ്‌ളൂരുവിലാണ് താമസമെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എങ്കിലും യുവതിയുടെ മരണവുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കളേയും സൊസൈറ്റി ജീവനക്കാരേയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്യും. ആത്മഹത്യാ കുറിപ്പിലെ രാസപരിശോധനാഫലവും മറ്റു വിവരങ്ങളും ലഭിക്കുന്നതോടെ യുവതിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait