സമാധാന യോഗം ബഹിഷ്‌കരിച്ചത് യോഗത്തെ അപമാനിക്കുന്നത്: എം.വി ജയരാജന്‍

Published on 08 April 2021 9:29 pm IST
×

കണ്ണൂര്‍: യു.ഡി.എഫ് സമാധാന യോഗം ബഹിഷ്‌കരിച്ചത് യോഗത്തെ അപമാനിക്കുന്നതാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും അവരെ കൂടി യോഗത്തില്‍ പങ്കെടുപ്പിക്കുകയുമാണ്. സി.പി.എം ആവശ്യപ്പെട്ടത് പ്രതീക്ഷിക തലത്തില്‍ യോഗം പാനൂരില്‍ നടക്കണമെന്നാണ്. പാനൂര്‍, കൊളവല്ലൂര്‍, ചൊക്ലി സ്റ്റേഷന്‍ പരിധിയില്‍ അക്രമ സംഭവത്തിന്റെ തുടര്‍ച്ചയായി പലതും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. അക്രമത്തില്‍ സി.പി.എം ഓഫിസുകളും, സി.പി.എം പ്രവര്‍ത്തകരുടെ വ്യാപാര സ്ഥാപനങ്ങളും, വീടുകളും നശിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫിസുകള്‍ക്ക് തീ വച്ചപ്പോള്‍ സമീപത്തെ ബില്‍ഡിങ്ങുകള്‍ക്കും തീ പിടിച്ചിട്ടുണ്ട്. തീ വെക്കാന്‍ ഉപയോഗിച്ച ഡീസല്‍ ഓയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രവിലെയായിട്ടും തീ കെടാതെ അമര്‍ന്ന് കത്തുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇരുമ്പുകൊണ്ട് നിര്‍മിച്ച ജനലുകളും ഗ്രില്‍സുകളും അറുത്തുമാറ്റിയിട്ടുണ്ട്. 

മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്. ഇത്തരം സംഭവം ഉണ്ടായെങ്കിലും കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം തന്നെ തള്ളിയിട്ടുണ്ട്. ഇന്നലെ നടന്ന സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നീതി സ്റ്റോറിലുള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചിറക്കി കത്തിച്ചു. അക്രമത്തില്‍ പങ്കെടുത്തവര്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. അവര്‍ എത്തിയത് അസൂത്രിതമായാണ്. ലീഗ് നേതാക്കളുടെ മൗനമാണ് അക്രമത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ പൂര്‍ണമായ സമാധാനം ഉണ്ടാക്കണം, സമാധാന യോഗം ബഹിഷ്‌കരിച്ച സംഭവം അക്രമത്തിനു പ്രേരണ നല്‍കാന്‍ സാധ്യതയുണ്ട് അതു ഉണ്ടാകാന്‍ പാടില്ല, എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് സമാധാന യോഗം സംഘടിപ്പിക്കണം, നാട്ടില്‍ സമാധാനം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട് അക്രമികളെ പോലിസ് ഉടന്‍ പിടികൂടും. ഇതാണ് യോഗത്തില്‍ തീരുമാനമെടുത്തത്. സമാധാന യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നത് വീണ്ടും വ്യാപാര സ്ഥാപനങ്ങളും വീടുകളും നശിപ്പിക്കുനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait