പാനൂര്‍ കൊലപാതകം: പ്രതി ഷിനോസിനെ റിമാന്‍ഡ് ചെയ്തു

കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട് 
Published on 08 April 2021 5:49 pm IST
×

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷിനോസിനെ തലശേരി സബ് ജയിലിലേക്ക് മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇസ്മയിലിനാണ് കേസിന്റെ അന്വേഷണ ചുമതല.  

കൊലയ്ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയത്. കേസില്‍ 25 പ്രതികള്‍ ഉണ്ട്. ഒന്നുമുതല്‍ 11 പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു. കണ്ടാലറിയാവുന്ന 14 പേര്‍ക്കും കൊലപാതകവുമായി ബന്ധമുണ്ട്. ബേംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാളു കൊണ്ട് വെട്ടുകയായിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ടില്‍ പറയുന്നു. കൊലപാതകക്കേസിന്റെ മുഖ്യ സൂത്രധാകരനായ പാനൂര്‍ മേഖല ഡി.വൈ.എഫ്.ഐ ട്രഷറര്‍ സുഹൈല്‍ ഉള്‍പ്പെടെയുള്ള 12 പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തോടൊപ്പം പ്രദേശത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമവും പോലിസ് നടത്തുന്നുണ്ട്.

അതേസമയം, ഇന്നലെ വിലാപയാത്ര കടന്നുപോകുന്ന സമയത്ത് സി.പി.എം ഓഫിസുകള്‍ക്ക് തീയിട്ട സംഭവത്തില്‍ 24 മുസ്‌ലിം ലീഗ് പ്രവര്‍ത്തകരേ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ 20ലേറെ വാഹനങ്ങളും പിടിച്ചെടുത്തു. പോലിസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ലീഗ് പ്രവര്‍ത്തകര്‍ കോടതിയില്‍ കൊണ്ടുപോകവെ ആരോപിച്ചു. കൊളവല്ലൂര്‍ ചൊക്ലി സ്റ്റേഷനുകളിലെത്തിയ ലീഗ് നേതാക്കള്‍ പോലിസിനോട് തട്ടിക്കയറി. പോലിസ് വാഹനങ്ങളടക്കം ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തിണ്ടുണ്ടെന്നും കൊലപാതകക്കേസിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് തീ വച്ച കേസിലും നിയമ നടപടി തുടരുമെന്ന് പോലിസ് അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait