ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: യു.ഡി.എഫ് സമാധാനയോഗം ബഹിഷ്‌കരിച്ചു 

Published on 08 April 2021 10:46 am IST
×

കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. പോലിസ് ഏകപക്ഷീയമായി പെരുമാറുകയാണെന്നും പോലിസില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചാണ് യു.ഡി.എഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റു പ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു. 

കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സി.പി.എം ഓഫിസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരേ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. പോലിസ് ജീപ്പിലിട്ടും സ്റ്റേഷനില്‍ വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചു. വ്യാഴാഴ്ച എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചി പറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമായും യു.ഡി.എഫ് സഹകരിക്കുമെന്നും എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പോലിസിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 

ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ച ശേഷം യു.ഡി.എഫിന്റെ നിലപാട് വിശദീകരിച്ചത്. എന്നാല്‍, യു.ഡി.എഫ് നേതാക്കള്‍ ബഹിഷ്‌കരിച്ചെങ്കിലും കലക്ടറേറ്റില്‍ സമാധാനയോഗം തുടങ്ങി. എല്‍.ഡി.എഫ്, ബി.ജെ.പി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ക്ക് പുറമേ റൂറല്‍ എസ്.പി, പോലിസ് കമ്മീഷണര്‍ എന്നിവരും യോഗത്തിലുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait