സി.പി.എം നേതാക്കള്‍ പെരിങ്ങത്തൂര്‍ സന്ദര്‍ശിച്ചു; ആസൂത്രിത കലാപത്തിന് അക്രമികള്‍ ശ്രമിച്ചു: എം.വി ജയരാജന്‍

Published on 08 April 2021 9:37 am IST
×

കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരില്‍ ലീഗുകാര്‍ അക്രമിച്ച ഓഫിസുകളും വീടുകളും സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്‍, പി.ഹരീന്ദ്രന്‍, കെ.പി മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് സന്ദര്‍ശിക്കാനെത്തിയത്. 

ആസൂത്രിത കലാപത്തിന് അക്രമികള്‍ ശ്രമിച്ചെന്നും സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്നും എം.വി ജയരാജന്‍ പ്രതികരിച്ചു. അപലപനീയമായ സംഭവമാണ് ഇന്നലെ നടന്നത്. ലീഗിന്റെ ക്രമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സി.പി.എമ്മിന്റെ എട്ട് ഓഫിസുകള്‍, കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു. സമാധാന ശ്രമങ്ങളോട് സി.പി.എം സഹകരിക്കുമെന്നും കൊലപാതകത്തിലും തുടര്‍ന്നുണ്ടായ അക്രമത്തിലും കര്‍ശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം, പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വിളിച്ച സമാധാന യോഗം ഇന്ന് നടക്കും. രാവിലെ 11നാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേരുക. മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യില്‍ നിന്നും വീണുപോയ ആയുധമാകാമെന്നും പോലിസ് പറഞ്ഞു. വിലാപയാത്രക്കിടെ സി.പി.എം ഓഫിസുകള്‍ തകര്‍ത്ത സംഭവത്തില്‍ പത്ത് ലീഗ് പ്രവര്‍ത്തകര്‍കരേ പോലിസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രി മന്‍സൂറിന്റെ വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സി.പി.എം ഓഫിസുകള്‍ക്ക് നേരേ  വ്യാപക അക്രമം നടന്നത്. പെരിങ്ങത്തൂര്‍, പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസുകളും പി.കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചു. മന്‍സൂറിന്റെ വീട്ടിലേക്ക് പോകും വഴിയുള്ള കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസുകളും തീവെച്ചു. നിരവധി കടകള്‍ക്ക് നേരെയും ആക്രമണം നടന്നു. മന്‍സൂറിന്റെ മൃതദേഹം ഇന്നലെ രാത്രി 8.45 ഓടെ ഖബറടക്കി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait