ജില്ലയെ കുരുതിക്കളമാക്കാനുള്ള നീക്കത്തില്‍ നിന്ന് സി.പി.എം പിന്മാറണം: എസ്.ഡി.പി.ഐ

Published on 07 April 2021 10:59 pm IST
×

കണ്ണൂര്‍: കടവത്തൂരിനടുത്ത മുക്കില്‍പീടികയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍ പ്രസ്താവനയില്‍ അപലപിച്ചു. ജില്ലയെ വീണ്ടും അശാന്തിയിലേക്ക് തള്ളിവിടാനുള്ള ബോധപൂര്‍വ്വമായ ശ്രമമായാണ് മുക്കില്‍ പീടികയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ മനസിലാക്കാന്‍ സാധിക്കുന്നത്. 

അയല്‍വാസികളായ ആളുകളുടെ മുമ്പില്‍ വെച്ച് അരുംകൊല നടത്തുക മാത്രമല്ല, അവിടെയുള്ള സ്ത്രീകളെ ഉള്‍പ്പെടെ ഭയപ്പെടുത്താന്‍ ബോംബ് എറിഞ്ഞതിലൂടെ ആസൂത്രിത കൊലപാതകമാണെന്ന് ഏവര്‍ക്കും ബോധ്യമാകും. തെരഞ്ഞെടുപ്പ് ദിവസം അക്രമങ്ങള്‍ അരങ്ങേറിയിട്ടും പോലിസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തത് കൊണ്ടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പരസ്പരം കൊലവിളി നടത്തുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. സമാധാനം ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ തന്നെ അണികളെ പ്രകോപന പ്രസംഗത്തിലൂടെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. അക്രമത്തിന് കോപ്പുകൂട്ടുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നും എ.സി ജലാലുദ്ദീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ധീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ, സെക്രട്ടറി ഇബ്രാഹിം കെ, കൂത്തുപറമ്പ മണ്ഡലം പ്രസിഡന്റ ഹാറൂണ്‍ കടവത്തൂര്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait