മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 07 April 2021 5:17 pm IST
×

കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ബോംബേറിലാണ് മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നത്. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബേറില്‍ ചിതറിപ്പോയത് കൊണ്ട് തലശേരിയിലെയും വടകരയിലെയും ആശുപത്രികളില്‍ നിന്ന് പരിക്ക് തുന്നിച്ചേര്‍ക്കാന്‍ പറ്റിയില്ല. 

ഇന്നലെ രാത്രി എട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഘര്‍ഷം അരങ്ങേറിയത്. 22കാരനായ മന്‍സൂറിനെ അച്ഛന്റെ മുന്നില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന മന്‍സൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മുഹ്സിന്‍ ഇവിടെ 150ാം നമ്പര്‍ ബൂത്തിലെ യു.ഡി.എഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിങിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികള്‍ എത്തിയത്. ആക്രമണത്തിനിടയില്‍ മുഹ്സിന്റെ സഹോദരനായ മന്‍സൂറിനും വെട്ടേല്‍ക്കുകയായിരുന്നു. 

പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ താന്‍ പിടിച്ചുവെച്ചു. പിടികൂടിയാളെ വിട്ടുകിട്ടാന്‍ പ്രതികള്‍ ബോംബെറിയുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ ടാര്‍ഗെറ്റ് ചെയ്തിരുന്നെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹസിന്‍ പറയുന്നത്. സംഘത്തിലുണ്ടായിരുന്നത് ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമാണെന്നും അക്രമികളെ എല്ലാവരെയും പരിചയമുണ്ടെന്നും മുഹസിന്‍ പറഞ്ഞു. 

അതേസമയം, മന്‍സൂറിന്റേറത് രാഷ്ട്രീയക്കൊലയാണെന്ന് പോലിസും സ്ഥിരീകരിക്കുന്നു. 11 പ്രതികളെ തിരിച്ചറിഞ്ഞെന്നും ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണെന്നും കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകനും മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait