പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ പ്രിസൈഡിംങ്ങ് ഓഫിസര്‍ക്കും, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റ പരാതിയില്‍ 37 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പയ്യന്നൂര്‍ പോലിസ് കേസെടുത്തു. പോളിങിനിടയിലും അതിനു ശേഷവുമായി നടന്ന അക്രമങ്ങളില്‍ പരിക്കേറ്റവരുടെ പരാതിയിലാണ് കേസ്. പയ്യന്നൂര്‍ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിലെ പാനൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ പ്രകാശന് മറ്റ് കണ്ടാലറിയാവുന്ന നാലുപേര്ക്കുമെതിരേയാണ് കേസ്.
തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തിരിച്ചറിയല്‍ രേഖകളിലില്ലാത്ത റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള വിരോധമാണ് കയ്യേറ്റത്തിന് കാരണമെന്നാണ് പരാതി. തായിനേരി സ്കൂളിലെ 86 എ ബൂത്തിലെ യു.ഡി.എഫ് ഏജന്റായിരുന്ന കെ.വി മുരളിയുടെ പരാതിയില്‍ സാജിത്ത്, വൈശാഖ് എന്നിവര്‍ക്കെതിരേയും മറ്റ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേയും കേസെടുത്തു. കള്ളവോട്ട് തടയാനുള്ള ശ്രമത്തിലെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി. പെരുമ്പ യു.പി സ്കൂളിലെ ബൂത്തിന് പുറത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നോര്‍ത്ത് മണ്ഡലം ട്രഷറര്‍ മുഹമ്മദ് ഷെഫീഖിന് കൈകൊണ്ടും ചെടിച്ചട്ടികൊണ്ടും ആക്രമിച്ചിരുന്നു. ഇയാളുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേയുമാണ് പോലിസ് കേസെടുത്തത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.