യു.ഡി.എഫ് പ്രവര്‍ത്തകനെ ഓട്ടോ തടഞ്ഞ് ആക്രമിച്ചു; 20 പേര്‍ക്കെതിരേ കേസ്

Published on 07 April 2021 3:32 pm IST
×

കണ്ണപുരം: ബൂത്ത് ഏജന്റുമാരെ വീട്ടിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുകയായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഓട്ടോ തകര്‍ത്തു. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ താവം മുണ്ടപ്രം പൂങ്കാവില്‍ എം.മുജീബ് റഹ്മാനെ(36)യാണ് സംഘടിച്ചെത്തിയ 20ഓളം സി.പി.എം പ്രവര്‍ത്തകര്‍ റോഡില്‍ കല്ലും മരവും നിരത്തി മാര്‍ഗതടസം സൃഷ്ടിച്ച് ആക്രമിച്ചത്. ചെറുകുന്നിലെ ഓട്ടോ ഡ്രൈവറായ മുജീബിന്റെ കെ.എല്‍ 13 എ.ഡി 634 നമ്പര്‍ ഓട്ടോ അക്രമികള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്ത നിലയിലാണ്. സംഭവ സ്ഥലത്തെത്തിയ കണ്ണപുരം പോലിസ് അക്രമികള്‍ ഉപേക്ഷിച്ചുപോയ അഞ്ചോളം ഇരുമ്പടി കസ്റ്റഡിയിലെടുക്കുകയും തകര്‍ത്ത ഓട്ടോ പോലിസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. 

ഇന്നലെ രാത്രി 8.30 ഓടെ താവം തീരദേശ റോഡിന് സമീപത്താണ് സംഭവം. കല്യാശേരി മണ്ഡലം യു.ഡി.എഫ് ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോകവെയായിരുന്നു അക്രമം. ഓട്ടോ തല്ലി തകര്‍ത്ത സംഘം മുജീബ് റഹ്മാനെ ഇരുമ്പുവടി കൊണ്ട് മാരകമായി അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴെക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ മുജീബ് റഹ്മാനെ ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 20 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കണ്ണപുരം പോലിസ് കേസെടുത്തു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait