പെരിങ്ങത്തൂര്‍: തെരഞ്ഞെടുപ്പിനു പിന്നാലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂര്‍ പുല്ലൂക്കരയില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പാനൂര്‍ നഗരസഭയിലെ പുല്ലൂക്കര മുക്കില്‍പീടികയിലെ യൂത്ത് ലീഗ് പ്രവര്ത്തകന് പാറാല്‍ മന്‍സൂര്‍(22)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടോടെ കടവത്തൂരിലെ മുക്കില്‍ പീടിക ജെങ്ഷനില്‍ വച്ചാണ് സംഭവം. സംഭവത്തില്‍ മന്‍സൂറിന്റെ സഹോദരന് മുഹസീനും(27) വെട്ടേറ്റിരുന്നു. ഇന്നലെ ഉച്ചമുതല്‍ തന്നെ കള്ളവോട്ടുമായി ബന്ധപ്പെട്ട് സ്ഥലത്ത് സി.പി.എമ്മും, മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് രാത്രിയോടെ മുഹസിന് വീട്ടിലെത്തിയപ്പോള്‍ ഒരു സംഘം ഡി.വൈ.എഫ്.ഐക്കാര്‍ സംഘടിച്ചെത്തി ബോംബെറിഞ്ഞ് അക്രമം നടത്തുകയായിരുന്നു. സഹോദരനെ അക്രമിക്കുന്നതു കണ്ട് തടയാനെത്തിയതായിരുന്നു മന്‍സൂര്‍. ഇതിനിടയിലാണ് മന്സൂറിനു വെട്ടേല്‍ക്കുന്നത്. വെട്ടേറ്റ ഉടന്‍ തന്നെ ഇരുവരെയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ 14 പേര്‍ക്കെതിരേ ചൊക്ലി പോലിസ് കേസെടുത്തിട്ടുണ്ട്. ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം കൊടുവാള് ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് സംഭവത്തിനു സാക്ഷിയായ ഇരുവരുടെയും പിതാവ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ലീഗ് ആരോപിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.