തളിപ്പറമ്പില്‍ റീ പോളിങ് വേണമെന്ന് കെ.സുധാകരന്‍

Published on 06 April 2021 10:30 pm IST
×

കണ്ണൂര്‍: തളിപ്പറമ്പിലും ധര്‍മ്മടത്തും വ്യാപക കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കെ.സുധാകരന്‍ എം.പി. തളിപ്പറമ്പില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തിലാണ്. പ്രിസൈഡിങ് ഓഫിസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പില്‍ റീ പോളിങ് അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു.

മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സി.പി.എം പിടിച്ചെടുത്തു. പലയിടങ്ങളിലും യു.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ സമ്മതിച്ചില്ല, തല്ലിയോടിച്ചു. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സി.പി.എം അല്ലാത്തവരെ വിരട്ടിയോടിച്ചു. എം.വി ഗോവിന്ദന്‍ കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരേ കേസെടുക്കണം. കുറ്റിയാട്ടൂര്‍ വേശാലയില്‍ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നു. കുറ്റ്യേരിയില്‍ മുഴുവന്‍ ബൂത്തും പിടിച്ചെടുത്തു. സാമുദായിക ധ്രുവീകരണത്തിന് യു.ഡി.എഫ് ശ്രമിക്കുന്നു എന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. കേരളത്തില്‍ യു.ഡിഎഫ് ഉറപ്പാണ്. പിണറായി വിജയന് ജയില്‍ ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്ന രണ്ട് ഉറപ്പ് ഇതാവുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait