ജില്ലയില്‍ 77.78 % പോളിങ്; വോട്ട് രേഖപ്പെടുത്തിയത് 1603097 പേര്‍

Published on 06 April 2021 10:13 pm IST
×

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.78 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 നിയോജക മണ്ഡലങ്ങളിലെ 3137 ബൂത്തുകളിലായി 1603095 പേര്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു. ഇതില്‍ 858131 പേര്‍ (78.84%) സ്ത്രീകളും 744960 പേര്‍ (76.58%) പുരുഷന്മാരും ആറുപേര്‍ (42.85%) ഭിന്നലിംഗക്കാരുമാണ്. തളിപ്പറമ്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്- 80.94 ശതമാനം. 172485 പേര്‍ ഇവിടെ വോട്ട് ചെയ്തു. ഏറ്റവും കുറവ് തലശേരി മണ്ഡലത്തിലാണ്- 73.93 ശതമാനം. ഇവിടെ 129499 പേരാണ് വോട്ട് ചെയ്തത്. 

വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ മികച്ച പോളിങാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഉച്ചയോടെ തന്നെ പോളിങ് 50 ശതമാനം പിന്നിട്ടു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറുകള്‍ കാരണം അല്‍പസമയം വോട്ടിങ് തടസപ്പെട്ടതൊഴിച്ചാല്‍ പ്രശ്ന രഹിതമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ്. പയ്യന്നൂര്‍ മണ്ഡലത്തിലെ മുത്തത്തി എസ്.വി.യു.പി സ്‌കൂളിലെ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിനുണ്ടായ തകരാര്‍ കാരണം വോട്ടിങ് തടസപ്പെട്ടതിനാല്‍ ഇവിടെ ഒരുമണിക്കൂര്‍ അധികസമയം വോട്ടിങിനായി അനുവദിച്ചു.

ജില്ലയിലെ മണ്ഡലം തിരിച്ചുള്ള പോളിങ് കണക്ക് (മണ്ഡലം, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍)
പയ്യന്നൂര്‍- 78.95%, കല്ല്യാശ്ശേരി- 76.41%, തളിപ്പറമ്പ്- 80.94%, ഇരിക്കൂര്‍- 75.63%, അഴീക്കോട്- 77.89%, കണ്ണൂര്‍- 74.94%, ധര്‍മ്മടം- 80.22%, തലശ്ശേരി- 73.93%, കൂത്തുപറമ്പ്- 78.14%, മട്ടന്നൂര്‍- 79.54%, പേരാവൂര്‍- 78.07%.
 
80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ്/ക്വാറന്റൈന്‍ വോട്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയ തപാല്‍ വോട്ട് സംവിധാനത്തിലൂടെ ജില്ലയില്‍ 34140 പേരും അവശ്യ സര്‍വ്വീസ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി 3657 പേരും നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിനുപുറമെ കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സര്‍വീസിലും ജോലി ചെയ്യുന്നവര്‍, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലിസ് സേനയിലുള്ളവര്‍ എന്നിവര്‍ക്കായുള്ള സര്‍വീസ് വോട്ടിന് 6986 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്ത ശേഷമാണ് വോട്ടര്‍മാരെ ബൂത്തിലേക്ക് കടത്തിവിട്ടത്. വോട്ട് രേഖപ്പെടുത്തുന്നതിന് കൈയുറയും നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റ്, ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, തുടങ്ങിയ കൊവിഡ് സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ജനറല്‍ വോട്ടര്‍മാര്‍ മുഴുവന്‍ വോട്ട് ചെയ്തതിന് ശേഷമാണ് കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വോട്ടെടുപ്പ് ഏറെക്കുറെ പരാതിരഹിതമാക്കാന്‍ സഹായകമായി. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ബൂത്തുകളിലെയും നടപടിക്രമങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും പ്രശ്ന പരിഹാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. വോട്ടര്‍മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ മണ്ഡലംതല കോള്‍ സെന്ററില്‍ നിരവധി വിളികളാണെത്തിയത്. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി അവയ്ക്ക് പരിഹാരം കാണാനും സംവിധാനമൊരുക്കിയിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait