കള്ളവോട്ട് തടയാനെത്തിയ തളിപ്പറമ്പ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നേരെ കയ്യേറ്റം 

വനിതാ വോട്ടര്‍മാര്‍ക്ക് നേരേയും അക്രമം 
Published on 06 April 2021 5:36 pm IST
×

തളിപ്പറമ്പ്: കള്ളവോട്ട് തടയാനെത്തിയ തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.പി അബ്ദുല്‍ റഷീദിനു നേരെ കയ്യേറ്റം. മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടക്കുന്നതായി അറിഞ്ഞ് എത്തിയപ്പോഴാണ് സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞുവെക്കലും കയ്യേറ്റവുമുണ്ടായത്. 

സി.പി.എം ശക്തി കേന്ദ്രമായ ആന്തൂരില്‍ ബൂത്ത് ഏജന്റുമായി സംസാരിച്ചിരിക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ തന്നെ അക്രമിച്ചതെന്ന് അബ്ദുല്‍ റഷീദ് പറഞ്ഞു. കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന യു.ഡി.എഫ് അനുഭവികളായ സ്ത്രീകള്‍ക്ക് നേരെയും അക്രമ ശ്രമമുണ്ടായി. യു.ഡി.എഫ് പ്രവര്‍ത്തകരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. രാവിലെ കള്ളവോട്ട് നടന്നുവെന്ന് പ്രിസൈഡിങ് ഓഫിസറോട് പരാതിപ്പെട്ടപ്പോള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പറശ്ശിനിക്കടവിലെത്തിയപ്പോള്‍ ആന്തൂര്‍ നഗരസഭയിലേക്ക് കയറാന്‍ പാടില്ലെന്ന് പറഞ്ഞ് കൗണ്‍സിലര്‍ന്മാര്‍ ഉള്‍പ്പെടെ തടഞ്ഞുവെച്ചു. നിലവില്‍ കടമ്പേരിയിലെ അയ്യന്‍കുന്ന് ബൂത്ത് ഒഴികെ ബാക്കി എല്ലാ ബൂത്തുകളിലും വ്യാപക കള്ളവോട്ടാണ് നടക്കുന്നത്. 

കള്ളവോട്ടിനു ആഹ്വനം ചെയ്ത എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരേ കേസെടുക്കണമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നോക്കുകുത്തിയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പില്‍ റീപോളിങ് നടത്തണം. വെബ് കാസ്റ്റിങ് ക്യാമറകള്‍ ഉള്‍പ്പെടെ തിരിച്ചുവച്ച നിലയിലാണ്. ജില്ലാ ഭരണകൂടം നേരിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ചെറിയൂരിലെ മര്‍ദനമേറ്റ ബൂത്ത് ഏജന്റ് കൃഷ്ണനെ അദ്ദേഹം ലൂര്‍ദ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait