പരിയാരത്ത് ഉത്തരേന്ത്യന്‍ കുഴല്‍പണ സംഘത്തെ തട്ടിക്കൊണ്ടുപോയ കേസ്: ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍ 

Published on 06 April 2021 12:44 pm IST
×

പരിയാരം: കുഴല്‍പണ ഇടപാടിന്റെ മറവില്‍ നോട്ടിരട്ടിപ്പ്. ഉത്തരേന്ത്യന്‍ സംഘത്തെ കണ്ണൂരില്‍ നിന്നും കാറില്‍ തട്ടികൊണ്ടുവന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കാഞ്ഞങ്ങാട് പിടിയില്‍. പരിയാരം  ഇരിങ്ങല്‍ സ്വദേശി തുന്തക്കച്ചി ഹൗസില്‍ നിസാമുദ്ദീന്‍ എന്ന നിസാമി(26)നെയാണ് പിടികൂടിയത്. രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.വിജേഷും സംഘവുമാണ് കാഞ്ഞങ്ങാട് ടൗണില്‍ നിന്നും കര്‍ണാടകത്തിലേക്ക് ബസില്‍ കയറാന്‍ ശ്രമിക്കവെ സംശയം തോന്നി പിടികൂടിയത്. 

നേരത്തെ പരിയാരത്ത് എസ്.ഐയായിരുന്ന വിജേഷ് പ്രതിയെ അന്വേഷിച്ചിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. 2020 ജൂലൈ അഞ്ചിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. മുംബെയില്‍ നിന്നും സാനിറ്റൈസര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്ണൂരെത്തിയ നാലുപേരെ തടങ്കലില്‍ വച്ചു മര്‍ദ്ദിച്ചതായി മുംബൈയിലെ ഡോ. ഓംരാജ് ലോകേഷ് നല്‍കിയ പരാതിയില്‍ പരിയാരം പോലിസ് കേസെടുത്തിരുന്നു. ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇരിങ്ങലിലെ കെട്ടിടത്തില്‍ നിന്നും പോലിസ് രണ്ടുകിലോ കഞ്ചാവും പിടികൂടിയിരുന്നു. ഈ കേസുകളിലെ പ്രതിയായ നിസാമുദ്ദീനെയാണ് ഒളിവില്‍ കഴിയുന്നതിനിടെ പോലിസ് പിടികൂടിയത്. പരിയാരം പോലിസില്‍ ഇയാള്‍ക്കെതിരേ വേറേയും കേസുകളുണ്ട്. കാഞ്ഞങ്ങാട് പോലിസ് പ്രതിയെ പരിയാരം പോലിസിന് കൈമാറുകയായിരുന്നു. പരിയാരം എസ്.ഐ ടി.സി ശ്രീജിത് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. 

അതേസമയം കണ്ണൂരില്‍ നിന്നും തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് പിന്നില്‍ നിരോധിക്കപ്പെട്ട നോട്ടുകളുടെ കൈമാറ്റമാണെന്ന് പോലിസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയാ സംഘമാണ് പിന്നിലെന്ന് പോലിസ് കണ്ടെത്തിയിരുന്നു. സംഘതലവനായ ഗുരുജിയുടെ ഉത്തരേന്ത്യക്കാരായ ഏജന്റുമാരാണ് കണ്ണൂരിലെത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. ചോദ്യം ചെയ്യലിലൂടെയും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും പോലിസ് കണ്ടെത്തിയിരുന്നു. ഉത്തേരന്ത്യക്കാരായ ഓംരാജ്, സാമദാന്‍, അഷ് വിന്‍, ബല്‍ഗാമിലെ സഞ്ജയ് എന്നിവരെ അന്ന് പരിയാരം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait