ദേശീയപാതയില്‍ അഴിയാക്കുരുക്ക് 

Published on 05 April 2021 4:29 pm IST
×

കണ്ണൂര്‍: ദേശീയപാത വളപട്ടത്തും മേലേചൊവ്വയിലും രാവിലെ മുതല്‍ വാഹനക്കുരുക്ക് രൂക്ഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി സ്ഥിര സര്‍വീസ് നിര്‍ത്തി ബസുകള്‍ പോയതും ആളുകള്‍ സ്വകാര്യ വാഹനങ്ങളുമായി ഇറങ്ങിയതുമാണ് കുരുക്ക് വര്‍ധിക്കാന്‍ കാരണമായത്. പാപ്പിനിശേരി ചുങ്കം മുതല്‍ പുതിയതെരു വരെ മണിക്കൂറുകള്‍ നീണ്ട കുരുക്കായിരുന്നു. പോലിസ് എത്താന്‍ വൈകിയതും വാഹനപെരുപ്പം ദേശീയപാതയില്‍ കൂടാനിടയായി. വളപട്ടണം പാലത്തിനു ഇരുഭാഗത്തും വാഹനങ്ങള്‍ നിറഞ്ഞതോടെ പോലിസിനു പോലും നിയന്ത്രിക്കാനായില്ല. സമാനമായിരുന്നു മേലെചൊവ്വയിലും അവസ്ഥ. സ്വകാര്യ ബസുകള്‍ മിക്കതും തെരഞ്ഞെടുപ്പ് ജോലിക്കായി പോയതോടെ സ്ഥിരം യാത്രക്കാര്‍ പെരുവഴിയിലായി. പോളിങ് ഉദ്യോഗസ്ഥരെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും ബൂത്തുകളിലേക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് സ്വകാര്യ ബസുകള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തിയിലേക്ക് തിരിഞ്ഞത്. 

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ബസുകളെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ഇന്നലെ വൈകുന്നേരവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുരുക്കം ചില ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും മാത്രമാണ് സര്‍വീസ് നടത്തുന്നത്. പത്തോളം ബസുകള്‍ സര്‍വീസ് നടത്തുന്ന ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്ക് വെറും നാല് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. രാവിലെ ജോലിക്ക് പോകുന്നവരാണ് ഏറെ പാടുപെട്ടത്. സര്‍വീസ് നടത്തുന്ന ബസുകളില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ലാത്തത്ര തിരക്കും അനുഭവപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ ഉദ്യോഗസ്ഥരെ പോളിങ് ബൂത്തിലേക്ക് എത്തിക്കേണ്ടതിനാലാണ് ബസുകള്‍ ഇന്നലെ വൈകുന്നേരം മുതല്‍ കയറ്റിയിട്ടത്. ഇനി നാളെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബുധനാഴ്ചയോടെ മാത്രമേ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കുകയുള്ളു. അതിരാവിലെ സ്റ്റാന്റിലെത്തി മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും ജോലി സ്ഥലത്തും മറ്റും എത്തിയത്. പയ്യന്നൂര്‍ ഭാഗത്തേക്ക് കാസര്‍കോട് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്ളതിനാല്‍ യത്രക്കാര്‍ അല്‍പം ആശ്വാസമായി. ഗ്രാമപ്രദേശത്തും ഉള്‍പ്രദേശത്തുള്ളവരുമാണ് ബുദ്ധിമുട്ടിയവരില്‍ ഏറെയും. ബസില്ലെന്ന് അറിഞ്ഞ് യാത്രക്കാര്‍ സ്വന്തം വാഹനവുമായി നിരത്തിലിറങ്ങേണ്ട അവസ്ഥയായപ്പോഴേക്കും ഗതാഗത കുരുക്കും രൂക്ഷമായി. വളപട്ടണം മുതല്‍ പുതിയതെരുവരെ രണ്ട് കിലോമീറ്റര്‍ ഒന്നര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait