കോടിയേരി വീണ്ടും 'പാര്‍ട്ടി സെക്രട്ടറി' 

Published on 02 April 2021 3:18 pm IST
×

കണ്ണൂര്‍: തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ സി.പി.എമ്മിന്റെ അമരത്തേക്ക് വീണ്ടും കോടിയേരി തന്നെ വരുമെന്ന് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെയായിരിക്കും സ്ഥാനമാറ്റമുണ്ടാവുക. ഇതിനുള്ള ആലോചനകള്‍ പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ മാറി പഴയ പാര്‍ട്ടി സെക്രട്ടറിയെപോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമാണ് ഇപ്പോള്‍ കോടിയേരി. എല്‍.ഡി.എഫ് കണ്‍വീനര്‍ ചുമതല കൂടിയുള്ളതിനാല്‍ നിലവില്‍ ആക്ടിങ് സെക്രട്ടറിയായി തുടരുന്ന എ.വിജയരാഘവനെ നീക്കി കോടിയേരിയെ തല്‍സ്ഥാനത്തെത്തിക്കാനാണ് നീക്കം. ഐ ഫോണ്‍ വിവാദവും മകന്‍ ബിനീഷിന്റെ ജയില്‍വാസവും തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നത്. രാഷ്ട്രീയ സാഹചര്യത്തിനു പുറമേ ആരോഗ്യ കാരണങ്ങളാണ് ഇതിനു കാരണമായി പാര്‍ട്ടി പറഞ്ഞത്. 

സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നതോടെ വിവാദങ്ങളുടെ മൂര്‍ച്ച കുറഞ്ഞു. ഇത് തെരഞ്ഞെടുപ്പിനെ ഒരു ഘട്ടത്തിലും ബാധിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ ഭാര്യ വിനോദിനിയുടെ പേരിലുണ്ടായിരുന്ന ഐ ഫോണ്‍ വിവാദത്തില്‍ ക്രൈംബ്രാഞ്ച് റിപോര്‍ട്ട് അനുകൂലമായതും കോടിയേരിക്ക് ഗുണം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും പാര്‍ട്ടി സെക്രട്ടറിയായി കോടിയേരി തന്നെ എത്തുമെന്നതില്‍ സംശയമില്ല. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ കോടിയേരി പ്രചരണ പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശരീര ഭാഷയും വിവാദങ്ങളെ തരണം ചെയ്ത ആത്മവിശ്വാസവും കോടിയേരിയില്‍ കാണാനുണ്ട്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയും യു.ഡി.എഫിനെതിരേ പ്രതിരോധം തീര്‍ക്കാനും പിണറായിക്കൊപ്പം കോടിയേരി തന്നെയാണ് ഇപ്പോള്‍ മുന്നിലുള്ളത്. 

സ്ഥാനാര്‍ഥി പട്ടിക നിലവില്‍ വന്നതോടെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പ്രചരണത്തില്‍ നിന്നും പിറകോട്ടടിച്ച സ്ഥിതിയുണ്ടായിരുന്നു. ഇ.പി ജയരാജനും പി.കെ ശ്രീമതിയും തുടങ്ങിയവരൊക്കെ പ്രചരണത്തില്‍ അത്ര സജീവമല്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജനെ കൊണ്ടുവരുമെന്ന ആലോചന നേരത്തെയുണ്ടായിരുന്നു. എന്നാല്‍ കോടിയേരിയുടെ പെട്ടെന്നുള്ള തിരിച്ചു വരവ് ഇ.പിയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി പറഞ്ഞാലും താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വിവാദ പ്രസ്താവനയും വന്നതോടെ ഇ.പിയുടെ നില പരുങ്ങലിലായി. കേന്ദ്രകമ്മിറ്റി അംഗമായ മുതിര്‍ന്ന നേതാവ് തന്നെ പാര്‍ട്ടി നിലപാടിനെ പരസ്യമായി വെല്ലുവിളിക്കുന്ന തരത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രസ്താവനയെ വിലയിരുത്തിയത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait