പ്രസംഗിക്കാന്‍ പോണം.. കാവ്യയും തിരക്കിലാണ്

സൂര്യ സുരേശന്‍  
Published on 31 March 2021 4:46 pm IST
×

കണ്ണൂര്‍: യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേദികളിലെ താരമാണ് പത്താം ക്ലാസുകാരി കാവ്യ ദേവന്‍. കവലകളിലും പൊതു പരിപടികളിലും പ്രസംഗിക്കുന്നതിനായി നേതാക്കളെ പോലെ കാവ്യയും തിരക്കിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടഭ്യര്‍ഥിച്ച് ഇതിനകം തന്നെ നിരവധി വേദികളില്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിച്ചു കഴിഞ്ഞു. ചെമ്പിലോട് തലവില്‍ സ്വദേശിനിയായ കാവ്യയ്ക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സംസാരിച്ച് മുന്‍പരിചയമൊന്നുമില്ലെങ്കിലും സ്‌കൂളുകളില്‍ പ്രസംഗ മത്സരത്തിന് എന്നും പങ്കെടുക്കാറുണ്ട്. തന്റെ പ്രസംഗ കലയെ വളര്‍ത്തിയെടുത്തതും സ്‌കൂള്‍ വേദികളിലാണ്. പുസ്തകങ്ങളിലൂടെയും പത്ര-മാധ്യമങ്ങളിലൂടെയും കിട്ടിയ അറിവുകളാണ് കാവ്യ തെരഞ്ഞെടുപ്പുകളില്‍ പ്രസംഗിക്കുന്നത്. 

ധര്‍മ്മടം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സി.രഘുനാഥിന് വോട്ടഭ്യര്‍ഥിച്ച് ധര്‍മ്മടത്തെ വിവിധ സ്ഥലങ്ങളില്‍ മികച്ച രീതിയില്‍ കാവ്യ സംസാരിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ രഘുനാഥിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതിനകം വൈറലായിട്ടുണ്ട്. വിഷയം ഏതായാലും അതിനെ നല്ല രീതിയില്‍ ആളുകള്‍ക്ക് മുന്നിലെത്തിക്കുന്നതാണ് കാവ്യയുടെ ശൈലി. ചെമ്പിലോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ കാവ്യ ദേവന്‍ ജവഹര്‍ ബാലമഞ്ചിന്റെ ജില്ലാ പ്രസിഡന്റു കൂടിയാണ്. സ്‌കൂളുകളിലെ പ്രസംഗ മത്സരത്തിലൊക്കെ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. ജവഹര്‍ ബാലമഞ്ച് നിരവധി അവസരങ്ങള്‍ ഒരുക്കി കൊടുത്തിരുന്നു. ഇതില്‍ നിന്നും കിട്ടിയ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും കാവ്യ കടന്നുചെന്നത്. ധര്‍മ്മടം മണ്ഡലത്തിലെ മൗവ്വഞ്ചേരി, ആര്‍.വി മൊട്ട, ആശാരി മൊട്ട, വെള്ളച്ചാല്‍, ചെമ്പിലോട് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തിലൂടെയാണ് കാവ്യ താരമായി മാറിയത്. ഇത്ര ചെറുപ്പത്തില്‍ തന്നെ ഒട്ടും പതറാതെ രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യാന്‍ കാണിക്കുന്ന ധൈര്യം അത്ഭുതപ്പെടുത്തുന്നതാണ്. 

സഹദേവന്‍-രമ്യ ദമ്പതികളുടെ മകളാണ് കാവ്യ. യു.ഡി.എഫ് ചക്കരക്കല്‍ ബ്ലോക്ക് ചെയര്‍മാന്‍ ആയ അച്ഛന്‍ സഹദേവന്‍ തന്നെയാണ് മകള്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കുന്നത്. ജവഹര്‍ ബാലജന വേദിയുടെ പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാലിന്റെ മരണവും, ഷുഹൈബിന്റെ മരണം, വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമൊക്കെയാണ് യു.ഡി.എഫിന് വേണ്ടി സംസാരിക്കാന്‍ പ്രേരിപ്പിച്ചതെന്നും കാവ്യ പറയുന്നു. പഠിത്തത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. എല്ലാവരും പ്രസംഗത്തെ അഭിനന്ദിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ യു.ഡി.എഫ് പര്യടനത്തില്‍ മുന്നിട്ടിറങ്ങുമെന്നും കാവ്യ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണം കഴിയുന്നതോടെ പരീക്ഷാ ചൂടിലേക്ക് കടക്കാനൊരുങ്ങുന്ന കാവ്യ വരും ദിവസങ്ങളിലും പ്രചണത്തില്‍ സജീവമാകാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait