തൃക്കരിപ്പൂരില്‍ അനന്ത സാധ്യതകള്‍, അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് എം.പി ജോസഫ് 

Published on 30 March 2021 3:42 pm IST
×

തൃക്കരിപ്പൂര്‍: 1991 സദ്ദാമിന്റെ കുവൈറ്റ് ആക്രമണം നടക്കുന്ന സമയം. അന്ന് കുവൈത്തില്‍ കുടുങ്ങിയ 1,40,000ല്‍ അധികം ഇന്ത്യക്കാരുടെ ദയനീയാവസ്ഥ വാര്‍ത്തകളില്‍ വന്നു തുടങ്ങിയിരുന്നു. ഭൂരിഭാഗം മലയാളികള്‍ ഉള്‍പ്പെടുന്ന ആ സംഘത്തെ നാട്ടിലെത്തിക്കാന്‍ പലവഴികളും തേടുകയാണ് രാജ്യം. ഇറാഖ്-ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വച്ച് അപ്രതീക്ഷിതമായി ജോര്‍ദാനിലേക്ക് പ്രവേശിച്ച 15,000ലധികം മലയാളികളും പകല്‍ കൊടുംചൂടിലും രാത്രിയിലെ കൊടുംതണുപ്പിലും റൂവിഷിദ് മരുഭൂമിയില്‍ മരണം മുന്നില്‍ കണ്ട് കഴിയുകയാണ്. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജോര്‍ഡാനിലെ അമ്മാന്‍ വഴി വിമാന സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇറാഖ് വഴി അമ്മാനിലേക്ക് എത്തിച്ചേരാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഒറ്റയടിക്ക് ഒരു ലക്ഷത്തിലധികം ആളുകള്‍ ജോര്‍ഡാനില്‍ പ്രവേശിച്ചാലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പറഞ്ഞായിരുന്നു അനുമതി നിഷേധിച്ചത്. അരക്ഷിതാവസ്ഥയിലായ ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ രാജ്യവും കേരളവും വിറങ്ങലിച്ചു നിന്നു. ഒടുവില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കുടുങ്ങിക്കിടന്നവരുടെ ജീവന്‍ രക്ഷിക്കാനും സുരക്ഷിതമായി നാട്ടിലെത്തിക്കാനുമായി നാലംഗ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുന്നു. 
അന്ന് ആ സംഘത്തെ മുന്നില്‍ നിന്ന് നയിച്ചത് എം.പി ജോസഫ് എന്ന മലയാളി ഉദ്യോഗസ്ഥനായിരുന്നു. 
ദൗത്യമേറ്റെടുത്ത ജോസഫും സംഘവും ഉടന്‍ അഭായാര്‍ഥികള്‍ക്കിടയിലേക്ക് പുറപ്പെടുന്നു. മരുഭൂമിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. വിശന്നു വലഞ്ഞവര്‍ക്ക് കണ്ടെയ്നറില്‍ നിന്നും ഭക്ഷണം വലിച്ചെറിഞ്ഞു കൊടുക്കുന്നു. പ്രാഥമിക സൗകര്യം പോലുമില്ലാതെ എന്തു ചെയ്യണമെന്നറിയാതെ കൊടും വെയിലത്ത് കിടക്കുന്നവര്‍. ഒടുവില്‍ ജോസഫും സംഘവും അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് റെഡ് ക്രെസന്റ്, ഇറാഖ് സര്‍ക്കാര്‍, ജോര്‍ദാന്‍ സര്‍ക്കാര്‍, മീഡിസിന്‍സ് ഫോറെന്റിയേഴ്സ് എന്നിവരുമായി ബന്ധപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് താമസത്തിനുള്ള ടെന്റുകളും, ബാത്റൂമുകളും താല്‍ക്കാലിക ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തുന്നു. 40 ദിവസത്തെ ചിട്ടയായ പ്രക്രിയയിലൂടെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഉള്‍പ്പെടെ ഇന്ത്യന്‍ മണ്ണിലേക്ക് എത്തിക്കുന്നു. രാജ്യം ഒറ്റ മനസോടെ നന്ദി പറഞ്ഞ ആ ഉദ്യോഗസ്ഥന്‍ ഇന്ന് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. നിരവധി സാധ്യതകള്‍ തുറന്നിടുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തെ കുറിച്ച് അടിമുടിയറിഞ്ഞുള്ള രംഗപ്രവേശനം. സ്ഥാനാര്‍ഥിയായി ജനങ്ങള്‍ക്കിടയിലെത്തിയപ്പോള്‍ തുടക്കത്തില്‍ സമ്മിശ്രപ്രതികരണമാണെങ്കിലും ഇന്നിപ്പോള്‍ തൃക്കരിപ്പൂരിന്റെ സ്വന്തം നാട്ടുകാരനായി അദ്ദേഹം മാറി. കേരള രാഷ്ട്രീയചരിത്രത്തിലെ അതികായന്‍ കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് എന്ന മേല്‍വിലാസത്തിനും അപ്പുറം ഗ്രാമീണ ജനതയെ തൊട്ടറിഞ്ഞ മനുഷ്യനാണ് എം.പി ജോസഫ്. 'കുവൈത്ത് യുദ്ധകാലത്ത് ഇന്ത്യക്കാരുടെ മടങ്ങിവരവ് ദൗത്യ'ത്തിന് നേതൃത്വം നല്‍കിയ അനുഭവങ്ങള്‍ ചേര്‍ത്ത് വച്ച് തൃക്കരിപ്പൂരിന്റെ വികസന സാധ്യതകള്‍ എണ്ണിപ്പറയുകയാണ് അദ്ദേഹം. 


എറണാകുളം കലക്ടര്‍, കൊച്ചിയുടെ മേയര്‍

ഇന്ത്യന്‍ പോലിസ് സര്‍വിസിന്റെ 1977 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. ഐ.എ.എസ്. ലഭിച്ചതിനെത്തുടര്‍ന്ന് ഐ.പി.എസ് രാജിവച്ചു. യു.കെ.യിലെ വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് മാനവവിഭവശേഷി വികസനത്തില്‍ ബിരുദാനന്തരബിരുദം, കുസാറ്റില്‍നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്സില്‍ ബിരുദാനന്തര ബിരുദം എന്നിവ പൂര്‍ത്തിയാക്കി. തൃശ്ശൂര്‍ സബ് കളക്ടര്‍ എന്ന നിലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. എറണാകുളം കളക്ടര്‍, ലേബര്‍ കമ്മിഷണര്‍, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ (1984-86), കൊല്ലം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, കശുവണ്ടി സ്പെഷ്യല്‍ ഓഫിസര്‍, സംസ്ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ തൊഴില്‍ പരിഷ്‌കാരങ്ങള്‍, വ്യാവസായിക ബന്ധങ്ങള്‍ എന്നിവയുടെ ഉപദേശകന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. പരേതരായ ഇന്ത്യന്‍ എക്കണോമിക്സ് സര്‍വീസ് ഉദ്യോഗസ്ഥന്‍ എം.ജെ.പോള്‍- പ്രഥമാധ്യാപികയായ മറിയാമ്മ എന്നിവരുടെ മകനായി തൃശ്ശൂരിലെ ഉല്ലൂരില്‍ ജനിച്ചു. ഭാര്യ: സാലി (കെ.എം.മാണിയുടെ രണ്ടാമത്തെ മകള്‍). മക്കള്‍: പോള്‍ (ഷാര്‍ജയില്‍ വ്യവസായി), നിധി. ഇപ്പോള്‍ കൊച്ചിയിലാണ് താമസം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait