പാലാരിവട്ടം മേല്‍പ്പാലം നാളെ പൂര്‍ത്തിയാകും; ഇ ശ്രീധരന്‍

Published on 04 March 2021 1:51 pm IST
×

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മാണ ജോലി നാളെ പൂര്‍ത്തിയാകുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. നാളെയോ മറ്റന്നാളോ പാലം റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് ഔദ്യോഗികമായി കൈമാറും. പാലം പൊതുജനങ്ങള്‍ക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാലം പണി വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനായതില്‍ വളരെ സന്തോഷമുണ്ട്.

ഡിഎംആര്‍സി പുനര്‍നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തപ്പോള്‍ 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാമെന്നാണ് സര്‍ക്കാരിന് വാക്കു കൊടുത്തിരുന്നത്. എന്നാല്‍ ഊരാളുങ്കലിന് പണിയുടെ കോണ്‍ട്രാക്റ്റ് നല്‍കിയത് എട്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയിലാണ്. അഞ്ചുമാസം കൊണ്ട് അവര്‍ പണി പൂര്‍ത്തിയാക്കി.  നാട്ടുകാര്‍ക്ക് ഈ പാലം എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് ഉപയോഗപ്രദമാക്കണം എന്ന ഉറ്റ ഉദ്ദേശം മൂലമാണ് ഡിഎംആര്‍സി പാലം പുനര്‍ നിര്‍മ്മാണം ഏറ്റെടുത്തത്. അല്ലാതെ പണം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെയല്ല എന്നും ഇ ശ്രീധരന്‍ പറഞ്ഞു.

നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും മികച്ച സഹകരണം ഉണ്ടായി. അതും വളരെ പെട്ടെന്ന് പാലം പണി പൂര്‍ത്തീകരിക്കാന്‍ സഹായമായി എന്നും ശ്രീധരന്‍ പറഞ്ഞു.
പാലത്തിലുള്ള 35 മീറ്ററിന്റെയും, 22 മീറ്ററിന്റെയും സ്പാനുകളിലായിരുന്നു ഭാര പരിശോധന. പരിശോധനാ റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആര്‍ബിഡിസികെയും നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും

.പെയിന്റിംഗ് പൊലുള്ള ചെറിയ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. അഞ്ച് മാസവും പത്ത് ദിവസവും കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait