താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു; തുടര്‍ നടപടികള്‍ മരവിപ്പിച്ചു

പി എസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
Published on 04 March 2021 1:30 pm IST
×

കൊച്ചി: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. വിവിധ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പി എസ് സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിവിധ വകുപ്പുകള്‍ക്ക് നോട്ടിസ് അയ്ക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.സംസ്ഥാന സര്‍ക്കാര്‍ നേരത്തെ 10 വര്‍ഷം പൂര്‍ത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂര്‍ത്തീകരിക്കാത്ത തുടര്‍ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 12ാം തിയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്.

തങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹര്‍ജിക്കാരുടെ പരാതി. വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തല്‍ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പി എസ് സി റാങ്ക് ജേതാക്കള്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടമാണ് ഹാജരായത്. കില, കെല്‍ട്രോണ്‍, ഈറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരത മിഷന്‍, യുവജന കമ്മീഷന്‍, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, എല്‍ ബി എസ്, വനിതാ കമ്മിഷന്‍, സ്‌കോള്‍ കേരള തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait