കണ്ണൂര്‍: ആത്മാര്‍ഥയുണ്ടെങ്കില്‍ പെട്രോളിന്റെ നികുതി കേരള സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഡപ്യൂട്ടി ലീഡര്‍ കെ.സി ജോസഫ് എം.എല്‍.എ. പെട്രോള്‍-ഡിസല്‍, പാചകവാതക വില വര്‍ധനവിലും സംസ്ഥാനത്ത് നടക്കുന്ന പിന്‍വാതില്‍ നിയമനത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ ഭരണകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നപ്പോള്‍ അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന നികുതി ഒഴിവാക്കി ജനങ്ങള്‍ക്ക് ആശ്വാസം പകരുകയാണുണ്ടായത്. ഒരു വശത്ത് കേന്ദ്രത്തിനെ പഴിചാരുകയും മറുവശത്ത് കിട്ടുന്നതെല്ലാം ആകട്ടെയെന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ജനവഞ്ചനയാണ് ഇനിയെങ്കിലും ജനങ്ങളോട് സര്‍ക്കാര്‍ കൂറ് കാണിക്കണമെന്നും കെ.സി ജോസഫ് പറഞ്ഞു. തൊഴിലന്വേഷകരായ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. റാങ്ക് ഹോള്‍ഡര്‍മാരായ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്ന് പറയുന്ന ഡി.വൈ.എഫ്ഐക്കാര്‍ക്ക് അന്നൊന്നും ഇല്ലാത്ത രാഷ്ട്രീയബോധം ഇപ്പോള്‍ എവിടെ നിന്നാണ് വന്നതെന്ന് കെ.സി ജോസഫ് ചോദിച്ചു. രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ ന്യായമായ ആവശ്യമുന്നയിച്ച് സമരം നടത്തുമ്പോള്‍ തീവ്രവാദികളും പ്രതിപക്ഷ പാര്‍ട്ടികളുമാണ് സമരം നടത്തുന്നതെന്ന് പ്രചരണം നടത്തുന്നത് പോലെ കേരളത്തില്‍ ഉദ്യോഗാര്‍ഥികള്‍ സമരം നടത്തുന്നത് പ്രതിപക്ഷണെന്ന് പറയുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ബി.ജെ.പി സര്‍ക്കാരിനെ പിന്തുടരുകയാണ്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് രണ്ട് സര്‍ക്കാരുകളെന്നും കെ.സി പറഞ്ഞു.
പ്രതിഷേധ സമരത്തില്‍ യു.ഡി.എഫ് ചെയര്മാന് പി.ടി മാത്യു അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ നാരായണന്, സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി, ചന്ദ്രന് തില്ലങ്കേരി, യു.ഡി.എഫ് മുന്‍ ജില്ലാ ചെയര്മാന് പ്രഫ. എ.ഡി മുസ്തഫ, മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വി.പി വമ്പന്‍, സി.എം.പി നേതാവ് സി.എ അജീര്‍, ആര്.എസ്.പി നേതാവ് ഇല്ലിക്കല്‍ അഗസ്തി, കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്ജ് വടകര, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അഡ്വ. മനോജ് കുമാര്‍, കെ.ടി സഹദുള്ള, സഹജന് പി.ജെ, ജോസഫ് മുള്ളന്മട, റോജസ് സെബാസ്റ്റ്യന്‍ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.