തിരുവനന്തപുരം: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയും പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക.
വിവിധ വകുപ്പുകളില്‍ പരമാവധി തസ്തികകള്‍ സൃഷ്ടിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 35 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കും. ആരോഗ്യവകുപ്പില്‍ 3000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍- 772, ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റില്‍- 1200, ആയുഷ് വകുപ്പില്‍- 300, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍- 728 എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിലെ തസ്തിക സൃഷ്ടിക്കല്‍. മണ്ണ് സംരക്ഷണ വകുപ്പില്‍ 111 തസ്തിക സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. ഇതുവരെ നടത്തിയ കരാര്‍ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തല്‍ റദ്ദാക്കില്ല. എന്നാല്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലടക്കം പരിഗണിച്ചിരുന്ന സ്ഥിരപ്പെടുത്തല്‍ തീരുമാനങ്ങള്‍ താല്‍ക്കാലികമായി പരിഗണിക്കുന്നില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയാണ്. ആരോഗ്യ, റവന്യൂ വകുപ്പുകളിലേക്ക് അടക്കം കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പത്ത് വര്‍ഷം തികച്ചവരെ മാത്രമാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതെന്നും, ഇത് തീര്‍ത്തും സുതാര്യമായ നടപടിയാണെന്നും സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തി. ഇതില്‍ മനുഷ്യത്വപരമായ പരിഗണനയാണ് സര്‍ക്കാര്‍ പ്രധാനമായും നല്‍കിയിരുന്നത്. എന്നാല്‍ പ്രതിപക്ഷം ഇതേക്കുറിച്ച് വലിയ തെറ്റിദ്ധാരണ പരത്തുകയാണ്. ഈ സാഹചര്യത്തില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം, ആരോഗ്യ വകുപ്പിലും റവന്യൂ വകുപ്പിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.