കണ്ണൂര്‍: പി.എസ്.സി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളോട് യു.ഡി.എഫ് സര്‍ക്കാരുകള്‍ എന്നും നീതിയാണ് കാണിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ കാലത്ത് ഒരു പോസ്റ്റ് പോലും നഷ്ടപ്പെടുത്തിയില്ല. തന്റെ കാലത്ത് പഴയ ലിസ്റ്റ് റദ്ദാക്കിയിട്ടില്ല. പകരം ലിസ്റ്റ് ഇല്ലെങ്കില്‍ കാലാവധി നീട്ടിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചില്ലെന്നും അവരുടെ ആവശ്യം എന്തെന്നും മനസ്സിലാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തെക്കുറിച്ചും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല, തന്നെ എന്തു വേണമെങ്കിലും പറയട്ടേയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുള്ളതാണ്, അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുന്നില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.