കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ്: പുഴ സംരക്ഷണം, കര്‍ഷകര്‍ക്ക് സാറ്റര്‍ഡേ മാര്‍ക്കറ്റ്

Published on 16 February 2021 4:28 pm IST
×

കണ്ണൂര്‍: അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കാനും കാട്ടാമ്പള്ളി പ്രദേശത്തെ തണ്ണീര്‍ത്തടങ്ങളിലെ കയ്യേറ്റം തടഞ്ഞ് തണ്ണീര്‍ത്തട സംരക്ഷണത്തിനും പ്രാധാന്യം നല്‍കി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റിന്റെ അഭാവത്തില്‍ പ്രസിഡന്റാണ് ബജറ്റ് അവതരിപ്പിച്ചത്. കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ലയാക്കി കണ്ണൂരിനെ മാറ്റാനുള്ള പരിപാടി ആവിഷ്‌ക്കരിക്കും. നാട്ടുമാവുകളുടെ പരിപാലന കേന്ദ്രം, വാണിജ്യാടിസ്ഥാനത്തില്‍ ഊദ് മരങ്ങളുടെ കൃഷി പ്രോത്സാഹിപ്പിച്ച് സുഗന്ധാനുഭവങ്ങള്‍ ചിരപരിചിതമാക്കും. 

വിനോദ സഞ്ചാരം പരിപോഷിപ്പിക്കല്‍, ടൂറിസം മാപ്പിങ്ങ് നടത്തി കണ്ണൂര്‍ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കും, കൃഷിക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ നഗരത്തില്‍ സാറ്റര്‍ഡേ മാര്‍ക്കറ്റ് ആരംഭിക്കും. ചട്ടുകപ്പാറയില്‍ സാംസ്‌കാരിക വിനിമയകേന്ദ്രം തുടങ്ങും വിദ്യാര്‍ഥികളുടെ പഠന നിലവാരം വര്‍ധിപ്പിക്കാന്‍ യുവജന ക്ലബ്ബുമായി സഹകരിച്ച് 24 കേന്ദ്രങ്ങളില്‍ പഠന പദ്ധതി ആവിഷ്‌ക്കരിക്കും. ട്രാന്‍സ്ജന്റേഴ്സിന് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് ഗ്രൂപ്പ് ഫാമിംഗ് ധനസഹായം നല്‍കും. ജില്ലയില്‍ സ്‌കൂള്‍ പോലിസ് കേഡറ്റുകള്‍ക്ക് ധനസഹായം നല്‍കും. തെരഞ്ഞെടുത്ത റോഡുകളുടെ ഇരുവശവും സൗന്ദര്യവല്‍ക്കരിച്ച് റോഡപകടം ഒഴിവാക്കാന്‍ മിറര്‍ സ്ഥാപിക്കും. അതിഥി തൊഴിലാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാന്‍ അവരുടെ കലാപരമായ കഴിവുകള്‍ അവതരിപ്പിക്കാന്‍ ഫെസ്റ്റ് സംഘടിപ്പിക്കും. തരിശിട്ട 500 ഏക്കര്‍ സ്ഥലത്ത് തീറ്റപ്പുല്‍ക്കൃഷി ആരംഭിക്കാനും തീരുമാനിച്ചതായി ബജറ്റ് അവതരണത്തില്‍ പ്രസിഡന്റ് പി.പി ദിവ്യ വ്യക്തമാക്കി. 

2021-22 വര്‍ഷത്തേക്ക് 1,34,94,66,000 രൂപ വരവും 1,27,61,03,000 രൂപ ചെലവും 7,33,63,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. അപ്രതീക്ഷിത ദുരന്തങ്ങള്‍ സര്‍ക്കാറിന് സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും പദ്ധതി വിഹിതത്തില്‍ കുറവ് വരുത്താതെ ത്രിതല പഞ്ചായത്ത് സംവിധാനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് ദിവ്യ പറഞ്ഞു. ബജറ്റ് പൂര്‍ണമല്ലെന്നും കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ലഭ്യമായാല്‍ പുതിയ പദ്ധതികള്‍ കൂടി ചേര്‍ത്ത് സപ്ലിമെന്ററി ബജറ്റിനുള്ള അവതരണ സാധ്യത കൂടി കണ്ടുകൊണ്ടാണ് ബജറ്റ് തയ്യാറാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait