കണ്ണൂര്‍: ചെറുപ്പക്കാരെ സര്‍ക്കാരിനെതിരേ തിരിച്ചുവിടാന്‍ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ്. ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പി.എസ്.സി വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണ്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് തടയിടാന്‍ അസാധ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അക്രമ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആസൂത്രിത ആക്രമമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കുറച്ച് ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരായ സമരത്തില്‍ ഉപകരണമാക്കാനാവുമോ എന്നാണ് കോണ്‍ഗ്രസിന്റെ കപട ബുദ്ധിയില്‍ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
സര്‍ക്കാരിന് നിയമപരമായും ഭരണഘടനാപരമായും മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാല്‍ പിന്നെ ആ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാവില്ല. ഒഴിവുകളുണ്ടെങ്കില്‍ മാത്രമേ നിയമനവും നടത്താനാവൂ. എന്നാല്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഈ സമരത്തെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാമശ്യപ്പെട്ട് സമരം നടത്തുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടുണ്ടോ? സമരത്തിനോട് വിരോധമില്ല, എന്നാല്‍ സമരത്തിലുയര്‍ത്തുന്ന ആവശ്യം അപ്രായോഗികമാണെന്നും വിജയരാഘവന് പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള അക്രമ സമരങ്ങള്‍ എന്നത് യു.ഡി.എഫ് ശീലമാക്കിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തിന്റെ അവസാന കാലത്തും ഒരു ലക്ഷത്തിലേറെപ്പേര്‍ ജോലി കിട്ടാത്തവരായി ഉണ്ടായിരുന്നു. അതേസമയം ഇടതുസര്‍ക്കാരിന്റെ കാലത്ത് തൊഴില്‍രഹിതരോട് അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചതെന്നും വിജയരാഘവന് അഭിപ്രായപ്പെട്ടു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.