കണ്ണൂര്‍ കോര്‍പറേഷന്‍ ബജറ്റ്: വികസനത്തിനും ക്ഷേമത്തിനും മുഖ്യ പ്രാധാന്യം

ആസ്ഥാന മന്ദിരത്തിന് 25 കോടി
Published on 16 February 2021 12:15 pm IST
×

കണ്ണൂര്‍: പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിന്റെ ആദ്യ കണ്ണൂര്‍ കോര്‍പറേഷന്‍ ബജറ്റില്‍ വികസനത്തിനും ക്ഷേമത്തിനും മുഖ്യ പ്രാധാന്യം. 25 കോടി ചെലവില്‍ കോര്‍പറേഷന് പുതിയ ആസ്ഥാന മന്ദിരം രണ്ടു മാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് പണി ആരംഭിക്കാനും വയോജനങ്ങളുടെ ക്ഷേമകാര്യം അന്വേഷിക്കാന്‍ മേയര്‍ നേരിട്ട് മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന വയോജന സാന്ത്വനം പദ്ധതിക്കും ബജറ്റിലൂടെ മുന്നോട്ടുവെച്ചു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഡെപ്യൂട്ടി മേയറുമായ കെ.ഷബീന അവതരിപ്പിച്ച ബജറ്റില്‍ ധനസമാഹരണത്തിനായി നൂതന മാര്‍ഗങ്ങളും മുനിസിപ്പല്‍ ബോണ്ടുകള്‍ സര്‍ക്കാര്‍ അനുമതിയോടെ പുറപ്പെടുവിക്കുമെന്നും പ്രഖ്യാപിച്ചു. 2021-22 വര്‍ഷത്തെ ബജറ്റില്‍ 45,98,60,440 രൂപ ഓപണിങ് ബാലന്‍സും 378,15,65,300 രൂപ വരവും 377,10,95,776 രൂപ ചെലവും 47,03,29,964 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ക്ക് മികച്ച സേവനം പ്രദാനം ചെയ്യുന്നതിനായി സേവനാവകാശ നിയമം കര്‍ശനമായി നടപ്പാക്കും.


ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

*പ്രകാശപൂരിത നഗരം പദ്ധതിക്ക് 1.75 കോടി രൂപ.

*എല്ലാവര്‍ക്കും തലചായ്ക്കാനിടം: പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിക്ക് 3 കോടി രൂപ.

* ശുചിത്വ നഗരം സുന്ദര നഗരം കാമ്പയിന്റെ ഭാഗമായി നഗര ശുചീകരണത്തിനായി യന്ത്രവല്‍കൃത വാഹനങ്ങളായ മെക്കനൈസ്ഡ് വെഹിക്കിള്‍ വാങ്ങാനും റോഡുകളുടെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക രീതിയിലുള്ള എക്‌സ്‌കവേറ്റര്‍ വാങ്ങാനും 1.30കോടി രൂപ.

* കക്കാട് പുഴക്ക് പുനര്‍ജനി പദ്ധതി വിശദമായ പദ്ധതി പഠനം നടത്തി കക്കാട് പുഴയെ പുനരുജ്ജീവിപ്പിക്കാനും ഉത്തരവാദ ടൂറിസ സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കാനും ഒരു കോടി രൂപ. 

* വെള്ളക്കെട്ട് ഒഴിവാക്കാന്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് 50 ലക്ഷം രൂപ. 

*മാലിന്യ പ്രശ്‌നമുള്ള സ്ഥലങ്ങളിലും പരാതി സ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിനായി എട്ടുലക്ഷം രൂപ നീക്കിവെക്കുന്നു. 

* കോര്‍പറേഷന്‍ പരിധിയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത വിവിധ ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിടം നിര്‍മിക്കും

* അര്‍ബുദരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാനായി 10 ലക്ഷം രൂപ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ നല്‍കുന്നതോടൊപ്പം സാമ്പത്തിക സഹായവും ലഭ്യമാക്കുവാന്‍ 30 ലക്ഷം രൂപ നീക്കിവെക്കുന്നു.

* പയ്യാമ്പലത്ത് നിലവില്‍ രണ്ട് ചേമ്പറുകളുള്ള ക്രിമറ്റോറിയ നിര്‍മാണം പൂര്‍ത്തിയാകുകയാണ്. ആയതിന്റെ തുടര്‍ച്ചയായി മൂന്ന് ചേമ്പറുകളുള്ള ആധുനിക ക്രിമറ്റോറിയം കൂടി ഉള്‍പ്പെടുത്തി വിനോദസഞ്ചാര മേഖലയായ പയ്യാമ്പലത്തിന് അനുയോജ്യമായ തരത്തിലുള്ള ലാന്റ്‌സ്‌കേപ്പിങ് നടത്തി ദൃശ്യ ഭംഗിയോടുകൂടി നിര്‍മിക്കും. കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടുകൂടി ഉള്‍പ്പെടുത്തികൊണ്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിയ്ക്കായി 25 ലക്ഷം രൂപ അനുവദിച്ചു. 

*നഗരത്തിലെ മുഴുവന്‍ ഫൂട്ട്പാത്തുകളും ടൈല്‍സ് പതിപ്പിക്കുകയും തകര്‍ന്ന ടൈലുകള്‍ മാറ്റുകയും കൈവരികള്‍ വച്ച് പിടിപ്പിച്ച് കാല്‍നട സൗഹൃദമാക്കുന്നതിന് ഒരു കോടി രൂപ.

*ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പാര്‍ക്കിംഗ് പ്ലാസകള്‍

*പ്രധാന റോഡുകളില്‍ ഇന്റര്‍ലോക്കിങ്-ഒരു കോടി രൂപ

*നഗരത്തിലെ പൊതുമതിലുകള്‍ ആകര്‍ഷകമാക്കല്‍

*വാര്‍ഡുകളിലെ അടിയന്തിര പ്രവര്‍ത്തികള്‍ക്ക് പ്രത്യേക ഫണ്ട്. ഓരോ വാര്‍ഡിലും 2 ലക്ഷം രൂപ വീതം ആകെ ഒരു കോടി പത്ത് ലക്ഷം രൂപ.

* നഗരത്തിലെ പ്രധാന റോഡുകളില്‍ ചെറിയകേടുകള്‍ വന്നാല്‍ അതു പരിഹരിക്കാന്‍ വൈകുന്നുന്നത് ഉടന്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ റോഡുകള്‍ക്ക് ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റ് എന്ന സംവിധാനം. 50 ലക്ഷം രൂപ

*കണ്ണൂര്‍ സിറ്റിയില്‍ മിനി മാര്‍ക്കറ്റ്- 25 ലക്ഷം
*തെരുവ്‌നായ ശല്യം ഒഴിവാക്കാന്‍ എ.ബി.സി പദ്ധതി: 10 ലക്ഷം രൂപ
*സിറ്റി റിംഗ് റോഡ് നവീകരണംത്തിനായി 50 ലക്ഷം രൂപ
*കക്കാട് അങ്ങാടിയില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ് - 25 ലക്ഷം രൂപ
*ആനിമല്‍ ക്രിമറ്റോറിയത്തിന് 10 ലക്ഷം രൂപ.

*ഭിന്നശേഷികുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് 1.25 കോടി രൂപ.

*അങ്കണവാടി പോഷകാഹാര പദ്ധതിക്ക് 1.75 കോടി രൂപ

*വയോജന സൗഹൃദ ക്ലബുകള്‍ക്ക് 10 ലക്ഷം രൂപ

*വിശപ്പ് രഹിത കണ്ണൂര്‍ നഗരം പദ്ധതിയില്‍ ഇരുപതു രൂപ

*പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക്വിവിധ പദ്ധതികള്‍

*സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ മൂന്ന് കോടി 30 ലക്ഷം രൂപ നീക്കിവെയ്ക്കുന്നു.

* വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണത്തിന് ഒരു കോടി

*കാര്‍ഷിക സമൃദ്ധിക്ക് 60 ലക്ഷം രൂപ

*മൃഗസംരക്ഷണമേഖലയ്ക്ക് 70 ലക്ഷം രൂപ

*മത്സ്യതൊഴിലാളികള്‍ക്ക് നിരവധി ക്ഷേമപരിപാടികള്‍

*കുടിവെള്ള വിതരണത്തിന് രണ്ടു കോടി രൂപ നീക്കിവെക്കുന്നു.

*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരക പുനരുദ്ധാരണത്തിന് മൂന്നു ലക്ഷം രൂപ

*കണ്ണൂര്‍ ദസറയ്ക്കായി 10 ലക്ഷം രൂപ

*കണ്ണൂര്‍ സിറ്റി ബീച്ച് കാര്‍ണിവലിന് 10 ലക്ഷം രൂപ

*കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാ സോണലുകളിലും മിനിസ്റ്റേഡിയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ പദ്ധതിക്ക് തുടക്കം കുറിച്ച് വരുംവര്‍ഷങ്ങളില്‍ പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 5 കോടി രൂപ നീക്കിവെക്കുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait