എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പില്‍ ഉജ്ജ്വല സ്വീകരണം 

Published on 15 February 2021 5:20 pm IST
×

തളിപ്പറമ്പ്: എല്‍.ഡി.എഫ് കണ്‍വീനര്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പില്‍ ഉജ്ജ്വല സ്വീകരണം. ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വിജയരാഘവനെ വേദിയിലേക്ക് സ്വീകരിച്ചത്. കരിമരുന്ന് പ്രയോഗവും നടത്തിയിരുന്നു. തളിപ്പറമ്പ് നഗരത്തില്‍ നിന്നും പൂക്കോത്ത് നടയിലെ സ്വീകരണ വേദിയിലേക്ക് നടത്തിച്ചുകൊണ്ടാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാവിലത്തെ യോഗാസനത്തിന് ശേഷം അപ്പോള്‍ തന്നെ ഇന്ധനവില കൂട്ടുകയാണ് ചെയ്യുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാചക വാതക വിലയും ഇതുപോലെ കൂട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളില്‍ കാര്‍ ലോണുകള്‍ ഉണ്ട്. ഇപ്പോള്‍ പെട്രോള്‍ ലോണ്‍കൂടി തുടങ്ങേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കുവേണ്ടി ഇന്ത്യ ഭരിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കോര്‍പ്പറേറ്റ് മുതലാളിക്ക് രാജ്യത്തിന്റെ പൊതു സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് വേണ്ടി ബി.ജെ.പിയെ അധികാരത്തിലേല്‍പ്പിച്ച് വച്ചിരിക്കുന്നു എന്നാണ്. ബി.ജെ.പി ഒരു സാധാരണ രാഷ്ട്രീയപാര്‍ട്ടിയല്ല ജനങ്ങളോടുള്ള ഒരുത്തരവാദിത്വവുമില്ലാത്ത പാര്‍ട്ടിയാണ്. സെക്യുലര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പള്ളിപൊളിച്ചിടത്ത് അമ്പലം പണിയുമ്പോള്‍ എന്ത് സന്ദേശമാണ് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് കാലുള്ളതില്‍ ഒന്ന് ബി.ജെ.പിക്ക് വെക്കുകയാണ് ചെയ്യുന്നത്. യു.ഡി.എഫ് ഭരണകാലത്തില്‍ പി.എസ്.സി വഴി ജോലി ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെ ഭരണകാലത്ത് പി.എസ്.സി ജോലി ലഭിക്കുവാന്‍ ഒരാള്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നിട്ടില്ല. 

പി.എസ്.സിയിലെ റാങ്ക് ലിസ്റ്റുകാര്‍ മാത്രമല്ല കേരളത്തിലെ തൊഴില്‍ രഹിതര്‍. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിശബ്ദത പാലിച്ചുകൊണ്ട് എന്ത് സമരമാണ് കേരളത്തിലെ കേണ്‍ഗ്രസ് നടത്തുന്നത്. ഇവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റിന്റെ പരിമിതികള്‍ ചൂണ്ടികാണിച്ച്കൊണ്ട് സമരം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വേദിക്കകത്ത് കസേര നല്‍കി ആളെയിരുത്തിയെങ്കിലും പുറത്ത് ആള്‍ക്കാര്‍ കൂടി നില്‍ക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയ്ക്ക് കോവിഡ് മാനദണ്ഡം പാലിച്ചില്ലെന്ന് കാണിച്ച് തളിപ്പമ്പില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ എല്‍.ഡി.എഫിന്റെ പരിപാടി പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തന്നെയാണ് നടത്തുന്നതെന്ന് എ.വിജയരാഘവന്‍ പറഞ്ഞിരുന്നു.

നാഷണല്‍ റോഡിയോ ജംഗ്ഷനില്‍ നിന്ന് മുത്തുക്കുടകളുടെയും ചെണ്ടവാ ദ്യത്തിന്റെയും വര്‍ണ ബലൂണുകളുടെയും ഉജ്വലമായ മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. തുറന്ന ജീപ്പില്‍ കെ.പി.സഹദേവനും ജയിംസ് മാത്യു എം.എല്‍.എക്കുമൊപ്പം ജാഥാ ലീഡര്‍ എ.വിജയരാഘവനെ ആനയിച്ചു. ക്ലാസിക് തിയേറ്ററിന് സമീപമുള്ള സ്വീകരണ കേന്ദ്രത്തില്‍ എത്തുമ്പോഴേക്കും അവിടം ജനമഹാസമുദ്രമായി മാറിയിരുന്നു. പൊരിവെയിലിനെപ്പോലും കൂസാതെയാണ് ജനങ്ങള്‍ ഒഴുകിയെത്തിയത്. 

സ്വീകരണത്തിന് സി.പി.എം നേതാക്കളായ കെ.സന്തോഷ്, പി.കെ. ശ്യാമള ടീച്ചര്‍, കെ.ദാമോദരന്‍ മാസ്റ്റര്‍, കെ.സി.സുമിത്രന്‍, സി.പി.ഐ നേതാവ് വി.വി.കണ്ണന്‍, എല്‍.ജെ.ഡി നേതാവ് കെ.വി.ജനാര്‍ദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജാഥാ ലീഡര്‍ക്ക് പുറമെ ഘടകകക്ഷി നേതാക്കളായ കെ.പി. രാജേന്ദ്രന്‍ (സി.പി.ഐ), പി.ടി.ജോസ് (കേരള കോണ്‍ഗ്രസ് (എം), കെ.പി.മോഹനന്‍ (എല്‍.ജെ.ഡി), കെ.ലേഹ്യ (ജെ.ഡി.എസ്), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), എ.ജെ.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്- എസ്), പി.കെ.രാജന്‍ (എന്‍.സി.പി), ജോസ് ചെമ്പേരി (കേരള കോണ്‍ഗ്രസ്- ബി) എന്നിവരും ജാഥയിലുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait