സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും യാചിച്ചും പി.എസ്.സി ഉദ്യോഗാര്‍ഥികള്‍; സംഘര്‍ഷം

പ്രതിഷേധ മാര്‍ച്ചുകളില്‍ ലാത്തിചാര്‍ജ്, ജലപീരങ്കി
Published on 15 February 2021 4:47 pm IST
×

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് യാചനാ സമരവുമായി ഉദ്യോഗാര്‍ത്ഥികള്‍. പി.എസ്.സി റാങ്ക് പട്ടിക നീട്ടുന്നതിലും നിയമനം വേഗത്തിലാക്കുന്നതിലും ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു അസാധാരണ സമരം. പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാന വ്യപകമായി നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.

സെക്രട്ടറിയേറ്റിന്റെ സൗത്ത് ഗേറ്റില്‍ നിന്നും സമര പന്തലിലേക്ക് ഓരോരുത്തരായി മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. കത്തുന്ന പൊരിവെയിലോന്നും പ്രശ്‌നമാക്കാതെ സ്ത്രീകളടക്കമുള്ളവരുടെ വേറിട്ട സഹനസമരം. സമരത്തിന്റെ തീവ്രത കൂട്ടാന്‍ സംഘര്‍ഷ വഴി തെരഞ്ഞെടുക്കുന്ന യുവജന സംഘടനകളുടെ പതിവ് ശൈലി വിട്ട് നടുറോഡില്‍ വേദനയേറ്റു വാങ്ങി കണ്ണീര്‍സമരം. മുട്ടുകുത്തി സമരത്തിനിടെ ചില ഉദ്യോഗാര്‍ത്ഥികള്‍ കുഴഞ്ഞുവീണ്, പൊട്ടിക്കരഞ്ഞു. കൂട്ടാളി വീഴുമ്പോഴും അടുത്ത സംഘം എന്ന മട്ടില്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ സമരം തുടര്‍ന്ന് കൊണ്ടിരുന്നു. 

അതിനിടെ, കോഴിക്കോട് കലക്ടേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് തവണ ലാത്തിച്ചാജുണ്ടായി. കല്ലേറിലും സംഘര്‍ഷത്തിലും രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ടി.സിദ്ദിഖിനും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനും ലാത്തിയടിയേറ്റു.

പാലക്കാട് കലക്ടറേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടുകയും, കലക്ടറേറ്റിന് അകത്തേക്ക് ചാടിക്കയറുകയും ചെയ്തു. പോലിസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടു വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് കെ.എസ്.യു നടത്തിയ പി.എസ്.സി ഓഫിസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. സിവില്‍ സ്റ്റേഷനിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait