മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ കുഞ്ഞിമംഗലത്തെ ഭര്‍തൃമതിയെ പോലിസ് രക്ഷിച്ചു 

കണ്ടെത്തിയത് ഗോകര്‍ണത്തെ ബീച്ചില്‍ വച്ച് 
Published on 15 February 2021 1:28 pm IST
×

പയ്യന്നൂര്‍: ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് കെണിയില്‍പ്പെടുത്തി മാഫിയ സംഘത്തിന് കൈമാറിയ 21കാരിയെ പയ്യന്നൂര്‍ പോലിസ് രക്ഷിച്ചു. കുഞ്ഞിമംഗലം പറമ്പത്തെ ഭര്‍തൃമതിയെയാണ് കര്‍ണാടകയിലെ ഗോകര്‍ണത്തെ ബീച്ചിലെ കുടിലില്‍ നിന്നും പോലിസ് തന്ത്രപരമായ നീക്കത്തിലൂടെ രക്ഷിച്ച് നാട്ടിലെത്തിച്ചത്. ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണത്തെത്തിച്ചത്. പിന്നീട് അമല്‍നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയെന്നാണ് പോലിസ് നല്‍കുന്ന വിവരം. 

ഇക്കഴിഞ്ഞ 29ന് രാവിലെയാണ് കുഞ്ഞിമംഗലത്തെ ഗള്‍ഫുകാരന്റെ ഭാര്യയായ 21കാരി മൂന്നുവയസുള്ള മകളെയും ഉപേക്ഷിച്ച് നാടുവിട്ടത്. വീട്ടില്‍ നിന്നും അഞ്ചുപവനോളം വരുന്ന മാലയും മോതിരവും കൊണ്ടാണ് പോയത്. യുവതിയുടെ മാതാവിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് ഗോകര്‍ണത്തു നിന്നും കണ്ടെത്തിയത്. നാട്ടിലെത്തിച്ച യുവതിയെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്ടിലെ സേലത്തെത്തിയ യുവതി അവിടുത്തെ തട്ടുകടക്കാരന്റെ ഫോണില്‍ ആരേയോ വിളിക്കുകയും ഫോണ്‍ തിരിച്ചു നല്‍കുമ്പോള്‍ നമ്പര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ തട്ടുകടക്കാരന്റെ നമ്പര്‍ കണ്ടെത്തിയ അന്വേഷണ സംഘം സേലത്തെത്തുകയും തട്ടുകടക്കാരനില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കുകയും ചെയ്തു. ശേഷം പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ ഒന്നൊന്നായി പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നും യുവതി ഒരു ഹോട്ടലില്‍ കയറുന്ന ദൃശ്യം ലഭിച്ചു. കൂടുതല്‍ പരിശോധനയില്‍ മറ്റ് രണ്ട് യുവാക്കളുമൊത്ത് സേലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വ്യക്തമായ ദൃശ്യം ലഭിച്ചു. തുടര്‍ന്ന് ബംഗളൂരുവിലേക്ക് കടന്ന ഇവരെ പയ്യന്നൂര്‍ പോലിസ് പിന്‍തുടര്‍ന്ന് ഗോകര്‍ണത്തെത്തി. 

നിശാല ശാലയിലും മയക്കുമരുന്നു മാഫിയയുമായി ഇടപഴകുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയുണ്ടായിരുന്ന യുവതിയെ രാത്രിയോടെ പോലിസ് ബാംഗ്ലൂരിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. യുവതിയുടെ ഓരോ നീക്കങ്ങളും ശാസ്ത്രീയമായ നീക്കത്തിലൂടെ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ടി ബിജിത്ത്, എസ്.ഐ എം.വി ശരണ്യ, എ.എസ്.ഐ ടോമി, സി.പി.ഒ വിനയന്‍ എന്നിവരടങ്ങിയ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഗെറ്റ്ടുഗദര്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട് ജീവിതം വഴി തെറ്റുമായിരുന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. 

തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രമാദമായ ജസ്‌ന തിരോധാനം പോലെ ഈ കേസും മാറുമായിരുന്നു. സൈബര്‍ സെല്‍ വിദഗ്ധരായ സൂരജ്, അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെ ഇന്‍സ്‌പെക്ടര്‍ എം.സി പ്രമോദ്, എ.എസ്.ഐ എ.ജി അബ്ദുല്‍റൗഫ്, സിവില്‍ പോലിസ് ഓഫിസര്‍ സൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നവര്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait