താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published on 15 February 2021 11:45 am IST
×

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ചുരം റോഡിന്റെ  നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം. ചുരത്തിലെ എട്ടാം വളവിനും ഒന്‍പതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മ്മാണവും 12 കിലോ മീറ്റര്‍ ദൂരത്തില്‍ ടാറിംങുമാണ് ചുരം നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. 

മാര്‍ച്ച് മാസം അവസാനത്തോട് കൂടി പദ്ധതി പൂര്‍ത്തിയാക്കാനാണ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. തുടര്‍ന്നാണ് അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍ നിന്ന് നാടുകാണി ചുരം വഴിയും പോകണം. 

രാവിലെ അഞ്ച് മുതല്‍ 10 വരെ എല്ലാ ചരക്ക് വാഹനങ്ങള്‍ക്കും ബസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും. ഈ സമയത്ത് യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി മിനി സര്‍വീസ് ഏര്‍പ്പെടുത്തും. തിരക്ക് കുറവുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളിലും തിരക്കുള്ള സമയങ്ങളില്‍ 10 മിനിറ്റ് ഇടവേളകളിലുമായിരിക്കും സര്‍വീസ്. ടാറിംങ് നടക്കുന്ന സമയത്ത് ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait