കെ- ഫോണ്‍ പദ്ധതി: ആദ്യഘട്ട ഉദ്ഘാടനം ഇന്ന് 

Published on 15 February 2021 11:02 am IST
×

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ ഓഫിസുകളിലാണ് ആദ്യഘട്ട കണക്ഷന്‍. 

ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കെ ഫോണ്‍ കണക്ഷന്‍ നല്‍കുക. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്റ്റിവിറ്റി ലഭിക്കുക. സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, പോലിസ് സ്റ്റേഷനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡാറ്റാ സെന്ററുകള്‍, കളക്ടറേറ്റുകള്‍ എന്നിവയില്‍ ആദ്യ ഘട്ടത്തില്‍ കണക്ഷന്‍ ലഭിക്കും. ജൂലൈ മാസത്തോടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാകും.

കൊച്ചി ഇന്‍ഫോ പാര്‍ക്ക് തപസ്യയിലാണ് നെറ്റ്‌വര്‍ക്ക് നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി ടവറുകളിലൂടെ വലിച്ച കോര്‍ റിങ് സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരിക്കലും ഇന്റര്‍നെറ്റ് തടസ്സം നേരിടാത്ത റിങ് ആര്‍ക്കിടെക്ചര്‍ സംവിധാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് കീഴില്‍ ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ച് ആക്‌സസ് നെറ്റ്‌വര്‍ക്ക് സജ്ജമാക്കും. ഇതിലൂടെ 10 MBps മുതല്‍ 1 GBps വരെ വേഗത്തില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാകും. 35000 കിലോ മീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 

കെ.എസ്.ഇ.ബിയുടെ 378 സബ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച കോര്‍ പോയിന്റ് ഓഫ് പ്രസന്‍സ് വഴിയാണ് ആക്‌സസ് നെറ്റ്‌വര്‍ക്കിന്റെ നിയന്ത്രണം. ആക്‌സസ് നെറ്റ്‌വര്‍ക്ക് ഓരോ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളെയും മറ്റ് ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നു. പ്രാദേശിക ശൃംഖലകള്‍ക്ക് നിശ്ചിത തുക നല്‍കി വിതരണാവകാശം നേടാവുന്നതാണ്. ഈ പ്രാദേശിക വിതരണ ശൃംഖലകളാണ് വീടുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കുക. സൗജന്യ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാത്രമേ ലഭിക്കൂ.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait