പയ്യന്നൂര്‍ കണ്ടോത്ത് എ.കെ.ജിയെ മര്‍ദ്ദിച്ചത് ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി

Published on 13 February 2021 9:31 pm IST
×

കണ്ണൂര്‍: ഏറ്റവും കൂടുതല്‍ മര്‍ദ്ദനമേറ്റ രാഷ്ട്രീയ നേതാവാണ് എ.കെ.ജിയെന്നും കൂടുതല്‍ പുരോഗമനപരമാകണം എന്ന കാഴ്ചപ്പാടിലാണ് കോണ്‍ഗ്രസില്‍ നിന്ന് സോഷ്യലിസ്റ്റായും പിന്നീട് കമ്യൂണിസ്റ്റായും അദ്ദേഹം മാറിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പെരളശേരിയില്‍ എ.കെ.ജി സ്മൃതി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പയ്യന്നൂര്‍ കണ്ടോത്ത് എ.കെ.ജിയെ മര്‍ദ്ദിച്ചത് സവര്‍ണരായിരുന്നില്ല. എന്നാല്‍ ആ നാടിനെയാകെ എ.കെ.ജിയുടെ പ്രസ്ഥാനത്തിനൊപ്പം നിര്‍ത്താനായി എന്നത് സാമൂഹ്യ മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.കെ.ജിയടക്കമുള്ളവര്‍ ഇവിടെ മറ്റൊരു മാര്‍ഗമാണ് സ്വീകരിച്ചത്. എന്തൊക്കെയാണോ നാട്ടില്‍ മറേണ്ടത് അതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് വേണ്ടതെന്ന തിരിച്ചറിവാണ് ഇതിന് കാരണമായത്. കര്‍ഷകരെയും തൊഴിലാളികളെയും  ബഹുജന പ്രസ്ഥാനങ്ങളെയും ചേര്‍ത്തു പിടിച്ചാണിത് സാധ്യമാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിടത്തു പോലും ജാതീയമായ ഉച്ചനീചത്വങ്ങള്‍ കേരളത്തിലേതു പോലെ അവസാനിച്ചിട്ടില്ല. കേരളത്തില്‍ സാമൂഹ്യ മാറ്റത്തിന് അടിത്തറയിട്ടത് നവോത്ഥാനം തന്നെയാണ്. അതിനപ്പുറം എ.കെ.ജിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹ്യ മാറ്റത്തിനായി മറ്റൊരു മാര്‍ഗം സ്വീകരിച്ചതിലൂടെയാണ് കേരളം ജാതീയമായ വേര്‍തിരിവില്ലാത്ത നാടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെല്ലായിടത്തും ജാതീയമായ വേര്‍തിരിവിനെതിരായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തിലേതിലും സജീവമായ സംസ്ഥാനങ്ങളുണ്ടായിരുന്നു. തമിഴ്‌നാട് അതിലൊന്നാണ്. ഇവിടെയൊക്കെ അതിന്റെ മാറ്റം കാണണമായിരുന്നു. എന്നാല്‍ ഇവിടെയൊന്നും കേരളത്തിലേതു പോലെ സാമൂഹ്യ പുരോഗതി സാധ്യമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait