ഉന്നതവിദ്യാഭ്യാസ രംഗം വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കും: മുഖ്യമന്ത്രി 

Published on 13 February 2021 5:19 pm IST
×

ധര്‍മശാല: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ പ്രമുഖ പട്ടികയില്‍ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളാകണമെന്നും ഇതിനായി കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസ രംഗം വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

കലാലയങ്ങളിലെ കോഴ്‌സുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. കുട്ടികള്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ കേരളത്തില്‍ കൊണ്ടുവരണം. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ അടുത്തഘട്ടം സര്‍വകലാശാലകളില്‍ നടത്തും. സര്‍വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും. ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളാക്കാനാണ് ഉദ്ദേശം. അതിന്റെ സിലബസില്‍ കാതലായ മാറ്റങ്ങള്‍ വരുത്തും. തൊഴിലില്‍ നൈപുണ്യം നേടത്തക്ക രീതിയിലുള്ള വിദ്യാഭ്യാസ രീതിയല്ല ഇവിടെയുള്ളത്. നമ്മുടെ സമൂഹത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റണം. ഇത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് ആവശ്യം ഗവേഷണ കുതുകികളായ ഒരു കൂട്ടം വിദ്യാര്‍ഥികളെ നമുക്ക് നല്ലതുപോലെ വളര്‍ത്തിയെടുക്കണമെന്നുള്ളതാണ്. ഗവേഷണ കുതുകികളായ സമൂഹം കേരളത്തില്‍ രൂപം കൊള്ളേണ്ടതായിട്ടുണ്ട്. അങ്ങനെ വന്നാല്‍ അത് നമ്മുടെ സമ്പദ്ഘടനക്ക് തന്നെ പുതിയ മാനങ്ങള്‍ നല്‍കുന്നതിനിടയാകും. നാടിന്റെ വികസന കുതിപ്പിന് ഇത് വലിയ താങ്ങായി മാറുകയും ചെയ്യും. ലോകത്തിന്റെ അനുഭവമെടുത്താല്‍ ഗവേഷണവും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും വലിയ തോതില്‍ മനുഷ്യ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി നമുക്ക് കാണാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് കാലത്ത് നടന്ന സംവാദത്തില്‍ കാസകോട് സര്‍വകലാശാല, കേരള വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റി വയനാട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ പങ്കുവച്ചു.  മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറായിരുന്നു അവതാരകന്‍. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ ആമുഖ ഭാഷണം നടത്തി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait