കണ്ണൂര്‍ എയര്‍പോര്‍ട്ട് വികസനം: കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കെ.സുധാകരന്‍ എം.പി ലോക്‌സഭയില്‍

Published on 13 February 2021 12:43 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ട് വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സുധാകരന്‍ എം.പി ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചു. അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങളാണ് എം.പി പ്രമയത്തിലൂടെ മുന്നോട്ടുവച്ചത്. വിദേശ വിമാന കമ്പനികള്‍ക്ക് അന്താരാഷ്ട സര്‍വ്വീസുകള്‍ നടത്താനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്ന് എം.പി ആവശ്യപ്പെട്ടു. 

കണ്ണൂര്‍ എയര്‍പോര്‍ട്ട് ഒരു ഇന്റീരിയല്‍ പോയന്റായതിനാല്‍ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്നതിനാലും, പ്രവാസികളില്‍ ഏറിയ പേര്‍ ഈ മേഖലയില്‍ താമസിക്കുന്നതിനാലും പോയിന്റ് ഓഫ് കോള്‍ പദവിക്ക് അര്‍ഹമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വലിയ വിമാന സര്‍വ്വീസുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ എയര്‍ പോര്‍ട്ടില്‍ വലിയ വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കണമെന്നും ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുള്ളതിനാല്‍ മട്ടന്നൂര്‍ എയര്‍ പോര്‍ട്ട് ഹജ്ജ് എംബാര്‍ക്കിയേഷന്‍ പോയിന്റ് ആക്കി മാറ്റണമെന്നും, കേന്ദ്ര സര്‍ക്കാരിലേക്ക് തിരിച്ചടക്കേണ്ട എമിഗ്രേഷന്‍, കസ്റ്റംസ്, സെക്യൂരിറ്റി സര്‍വ്വീകളുടെ ചിലവുകള്‍ പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതുവരെ നിര്‍ത്തിവയ്ക്കുവാനും എം.പി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ നിന്ന് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കുമ്പോള്‍ പരിശോധിച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഫുള്‍ ടൈം ഹെല്‍ത്ത് ഓഫിസറെ നിയമിക്കണമെന്നും, പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളുടെയും ഇറക്കുമതി, കയറ്റുമതി ക്ലിയറന്‍സിനു വേണ്ടിയുള്ള പ്ലാന്റ് ക്വാറന്റൈന്‍ ഓഫിസറെ അടിയന്തിരമായി നിയമിക്കാനും കെ.സുധാകരന്‍ എം.പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait