മാണി സി കാപ്പന്‍ എല്‍.ഡി.എഫ് വിട്ടു; യു.ഡി.എഫില്‍ ഘടകക്ഷിയാകും

Published on 13 February 2021 12:36 pm IST
×

കൊച്ചി: മാണി സി കാപ്പന്‍ എല്‍.ഡി.എഫ് വിട്ടു. യു.ഡി.എഫില്‍ ഘടകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഘടകക്ഷിയായിട്ടായിരിക്കും താന്‍ യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുകയെന്നും കാപ്പന്‍ പറഞ്ഞു. എന്‍.സി.പി കേന്ദ്ര നേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. 

ദേശീയ നേതൃത്വം ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കും. 101 ശതമാനവും അക്കാര്യത്തില്‍ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും, 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ യാത്രയില്‍ പങ്കെടുക്കും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോള്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നീട് ആലോചിക്കേണ്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

താന്‍ പാലായില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. വമ്പന്‍ വികസനങ്ങളാണ് പാലായില്‍ താന്‍ എം.എല്‍.എ ആയ ശേഷം നടന്നത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്. താന്‍ നല്‍കിയ അപേക്ഷകള്‍ക്കൊക്കെ അനുമതി നല്‍കിയത് അദ്ദേഹമാണ്. എന്നാല്‍, സീറ്റ് നല്‍കുന്ന കാര്യം വന്നപ്പോള്‍ മുന്നണി തന്നെ അവഗണിച്ചു. തന്നോടൊപ്പമുള്ള പ്രവര്‍ത്തകരുടെയും ദേശീയ നേതൃത്വത്തില്‍ നിന്നടക്കമുള്ള നേതാക്കളുടെയും ആവശ്യ പ്രകാരമാണ് മുന്നണി മാറ്റമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait