കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റര്‍ മരവിപ്പിച്ചു

Published on 12 February 2021 11:29 am IST
×

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റര്‍ മരവിപ്പിച്ചു. 1,398 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബാക്കി അക്കൗണ്ടുകളെ സംബന്ധിച്ചുള്ള നടപടികള്‍ ട്വിറ്റര്‍ ആരംഭിച്ചതായാണ് വിവരം. 

ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ മാറ്റമുണ്ടാകുമെന്നും ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. 1,435 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നത്. മോദി കര്‍ഷകരുടെ വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ് ടാഗിലൂടെ ട്വീറ്റ് ചെയ്തിരുന്ന 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 220 അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ട്വിറ്റര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലിം, കാരവന്‍ മാസിക തുടങ്ങിയ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും ഇവയ്ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം 1,178ഓളം അക്കൗണ്ടുകള്‍ക്ക് ഖാലിസ്താനുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതില്‍ ഭൂരിപക്ഷം അക്കൗണ്ടുകളും മരവിപ്പിച്ചതായി ട്വിറ്റര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ദൃഢമാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിച്ചുപണിക്ക് തങ്ങള്‍ തയ്യാറാണെന്നും ട്വിറ്റര്‍ അറിയിച്ചു. കേന്ദ്ര ഐ.ടി സെക്രട്ടറിയുമായി ട്വിറ്റര്‍ ഗ്ലോബല്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait