സംസ്ഥാനത്ത് കൊവാക്‌സിന്‍ കൊടുത്തു തുടങ്ങി; കൊവിഷീല്‍ഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

Published on 12 February 2021 10:43 am IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങി. വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ഭാരത് ബയോടെക്ക്-ഐ.സി.എം.ആര്‍-പൂണെ ദേശീയ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്‌സിന്‍ കൊവിഡ് മുന്നണി പോരാളികളായ പോലിസിനടക്കമാണ് നല്‍കി തുടങ്ങിയത്. 

ഇന്നലെ മുതല്‍ പോലിസുകാര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സമ്മതപത്രം വാങ്ങിയാണ് കൊവിഡ് മുന്നണി പോരാളികള്‍ക്ക് കൊവാക്‌സിന്‍ നല്‍കുന്നത്. മുന്നണി പോരാളികള്‍ ആവശ്യപ്പെട്ടാലും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കില്ല. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ തന്നെയാവും നല്‍കുക. 

മൂന്നാംഘട്ട പരീക്ഷണം കഴിയാത്തതിനാല്‍ കൊവാക്‌സിന്‍ നല്‍കേണ്ട എന്നായിരുന്നു നേരത്തെ തീരുമാനം. പക്ഷേ കൊവാക്‌സിന്റെ കൂടുതല്‍ ഡോസുകള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ അതു കൊടുത്തു തീര്‍ക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ് കൊവാക്‌സിന്‍. ഈ മാസത്തോടെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ബ്രിട്ടണിലെ ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷില്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait