പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി: പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തിയുടെയും ഉദ്ഘാടനം നാളെ

Published on 11 February 2021 11:43 am IST
×

ഇരിട്ടി: ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ വിഭാഗത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് വൈദ്യുതി മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. കുയിലൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും. കെ.സുധാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. 

113 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ജല വൈദ്യുത പദ്ധതിയുടെ 46 കോടിയുടെ സിവില്‍ പ്രവൃത്തിയില്‍ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 48 കോടിയുടെ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്തു. പൂനെ ആസ്ഥാനമായ കിര്‍ലോസ്‌കര്‍ ബ്രദേഴ്സ് കമ്പിനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള പഴശ്ശി പദ്ധതിയില്‍ നിന്നും അധികമായി ഒഴുക്കി കളയുന്ന ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് പദ്ധതിയാണ് പഴശ്ശി സാഗര്‍. 60 മീറ്റര്‍ നീളത്തില്‍ ഏഴ് മീറ്റര്‍ വ്യാസത്തില്‍ പ്രധാന തുരങ്കവും പ്രധാന തുരങ്കത്തില്‍ നിന്നും 60 മീറ്റര്‍ നീളത്തില്‍ മൂന്നര മീറ്റര്‍ വ്യാസത്തില്‍ മൂന്ന് തുരങ്കം നിര്‍മ്മിച്ചാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുക. പഴശ്ശി പദ്ധതിയില്‍ മഴക്കാലത്ത ശേഖരിച്ച് നിര്‍ത്തുന്ന വെള്ളം പ്രധാന തുരങ്കം വഴി മറ്റ് മൂന്ന് തുരങ്കത്തിലേക്ക കടത്തി വിട്ട് 2.5 മെഗാവാട്ട് ശേഷിയുള്ള ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പ്പാദനം. പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 25.16 മില്ല്യന്‍ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ നവംബര്‍ മാസം വരെയുള്ള ആറുമാസമാണ് ഉത്പാദനം.ഇവിടെ നിന്നും ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി മട്ടന്നൂര്‍- കുയിലൂര്‍ 33 കെവി  പ്രസരണ കേന്ദ്രത്തിലേക്കാണ് വിടുക. 

2010ല്‍ 15 മെഗാവാട്ട് ശേഷിയുള്ള പദ്ധതിക്കാണ് കെ.എസ്.ഇ.ബി ഭരണാനുമതി നല്‍കിയതെങ്കിലും അണക്കെട്ടിന്റെ കുറച്ച് ഭാഗം പൊളിച്ചുമാറ്റുന്നത് പഴശ്ശി പദ്ധതിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിസൈന്‍ മാറ്റി സ്ഥാപിത ശേഷി 7.5 മെഗാവാട്ടായി പുനര്‍ നിര്‍ണ്ണയിക്കുകയായിരുന്നു. 2023 ജനുവരിയില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് പഴശ്ശി സാഗര്‍ എക്സിക്യൂട്ടീവ് എഞ്ചിനായര്‍ ജി. അനില്‍കുമാര്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വിനോദ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇരിട്ടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ കെ.വി ജനാര്‍ദ്ദനന്‍, സബ് എഞ്ചിനീയര്‍ ടി.പി മനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait