കൊവിഡാന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം ഉയരുന്നു

Published on 11 February 2021 11:22 am IST
×

തിരുവനന്തപുരം: കൊവിഡ് നെഗറ്റീവായശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഹൃദയാഘാതം, തലച്ചോറിലും മറ്റും രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം ഇങ്ങനെ കൊവിഡാനന്തര പ്രശ്‌നങ്ങള്‍ നിരവധിയാണ്. 

സംസ്ഥാനത്തൊട്ടാകെയുള്ള സര്‍ക്കാരിന്റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93680 പേരാണ് ചികിത്സ തേടിയത്. 51508 പേര്‍ ഫോണ്‍ വഴി ചികിത്സ തേടി. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്- 7409 പേര്‍. പേശി അസ്ഥി സംബന്ധവുമായ അസുഖങ്ങളുമായി ചികിത്സ തേടിയത് 3341 പേര്‍ ഹൃദയ സംബന്ധമായ രോഗങ്ങളുമായി 1649 പേരും ന്യൂറോ സംബന്ധമായ രോഗങ്ങളുമായി 1400പേരും ചികിത്സ തേടി. ഉറക്കമില്ലായ്മ അടക്കം മാനസിക അസ്വാസ്ഥ്യങ്ങളുമായി ചികിത്സ തേടിയത് 812 പേരാണ്. 

കൊവിഡ് നെഗറ്റീവായശേഷം മറ്റ് അസുഖങ്ങള്‍ വന്ന് മരിക്കുന്നവരുടെ എണ്ണവും കൂടിയെങ്കിലും അത് കൊവിഡ് കാരണമാണോ എന്നറിയാന്‍ ഓഡിറ്റ് നടത്താത്തതിനാല്‍ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് വിശദീകരണം. കൊവിഡിന് ഒപ്പം തന്നെ കൊവിഡാനന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി തീവ്ര പരിചരണ വിഭാഗത്തിലും വെന്റിലേറ്ററുകളിലും ഉള്ളവരുടെ എണ്ണവും കൂടി. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ചുള്ളവരുടെ മരണവും കൂടി. എന്നാലിതു സംബന്ധിച്ച് ഔദ്യോഗിക കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait