പിണറായി സര്‍ക്കാര്‍ മൂന്നുലക്ഷം അനധികൃത നിയമനങ്ങള്‍ നടത്തി: ചെന്നിത്തല

Published on 10 February 2021 12:13 pm IST
×

തൃശ്ശൂര്‍: പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂന്നുലക്ഷം പേരെ അനധികൃതമായി സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തുള്ള ഫയല്‍ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കള്‍ സമരം ചെയ്യുമ്പോള്‍ അവരെ അവഗണിച്ചുള്ള അനധികൃത നിയമനങ്ങള്‍ യുവാക്കളോട് കാണിക്കുന്ന അനീതിയാണ്. പിഎസ്.സി റാങ്ക് പട്ടികയില്‍ കയറി പറ്റുന്നതിലും ബുദ്ധിമുട്ടാണ് നിയമനം കിട്ടാന്‍. സെക്രട്ടേറിയറ്റില്‍ സമരം ചെയ്യുന്നവരെയാണ് സര്‍ക്കാര്‍ ഏറ്റവും വലിയ ശത്രുക്കളായി കാണുന്നത്. പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ സമരത്തിന് ഇറക്കിയത് ഞങ്ങളാണോ എന്നും അദ്ദേഹം ചോദിച്ചു. ആ പാവങ്ങള്‍ ക്ഷമ കെട്ട് സമരത്തിന് വന്നതാണ്. 

പോലിസ് റാങ്ക് ലിസ്റ്റ് നോക്കൂ. യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിനെ തുടര്‍ന്ന് മാസങ്ങളോളം പോലിസ് റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു. അപ്പോഴേക്കും കൊവിഡ് വന്നു. ഈ സര്‍ക്കാര്‍ ഒരു പിഎസ്.സി പട്ടികയും നീട്ടിയിട്ടില്ല. ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി വന്നപ്പോഴാണ് ഇവര്‍ തെരഞ്ഞെടുപ്പ് മാസം വരെ കാലാവധി നീട്ടിയത്. അവരെ അപമാനിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ല. എല്‍.ഡി.എഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണം. എന്തിനാണ് എം.എ.ബേബി നിലപാടില്‍ മലക്കം മറിഞ്ഞത്. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന വാദം ശരിയല്ല. പാര്‍ലമെന്റില്‍ യു.ഡി.എഫ് പ്രതിനിധി ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കേന്ദ്രം എതിര്‍ത്തതിനാല്‍ അവതരണാനുമതി ലഭിച്ചില്ല. 

നിയമസഭയിലും പാര്‍ലമെന്റിലും ചെയ്യാവുന്നതെല്ലാം യു.ഡി.എഫ് ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളും ഒന്നും ചെയ്തില്ലെന്ന എന്‍.എസ്.എസ് വാദം തെറ്റിദ്ധാരണ മൂലമാണ്. ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്‍.എസ്.എസ് നേതൃത്വത്തെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തും. യുഡിഎഫ് ചെയ്ത കാര്യങ്ങള്‍ എന്‍.എസ്.എസ് ശ്രദ്ധിക്കാതെ പോയിരിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ് ശബരിമല. തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ ആരും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait