കേന്ദ്ര നിര്‍ദേശം: അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍ 

ഇന്ത്യക്ക് പുറത്ത് നിരോധനമില്ല
Published on 10 February 2021 11:41 am IST
×

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാകിസ്താന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നതുമായ 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഒരു വിഭാഗം അക്കൗണ്ടുകള്‍ തങ്ങള്‍ മരവിപ്പിച്ചതായി ട്വിറ്റര്‍ അറിയിച്ചു. എന്നാല്‍ ഇന്ത്യക്ക് പുറത്ത് ഈ അക്കൗണ്ടുകള്‍ സജീവമായിരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. 

കര്‍ഷക സമരവുമായി ബന്ധപ്പെട്ട വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച പാകിസ്താന്‍ ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 583 അക്കൌണ്ടുകള്‍ക്കെതിരെ ഇപ്പോള്‍ ട്വിറ്റര്‍ നടപടി എടുത്തിട്ടുണ്ടെന്നാണ് വിവരം. 

നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഐ.ടി ആക്ടിന്റെ സെക്ഷന്‍ 69 എ പ്രകാരം നീക്കം ചെയ്യേണ്ട അക്കൗണ്ടുകളുടെ വിവരങ്ങള്‍ അടക്കം ട്വിറ്ററിന് നോട്ടിസ് നല്‍കിയിരുന്നു. പ്രകോപനപരവും, വസ്തുത വിരുദ്ധവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ആയിരത്തോളം അക്കൗണ്ടുകളാണ് കേന്ദ്രം ട്വിറ്ററിന് മുന്നില്‍ സമര്‍പ്പിച്ചത്. ഇതില്‍ #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ അടക്കം ഇപ്പോള്‍ നടപടി വന്നിരിക്കുന്നത് എന്നാണ് വിവരം. നിലവില്‍ 709 അക്കൌണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തുവെന്നാണ് വിവരം. ഇതില്‍ 129 എണ്ണം #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിട്ടുള്ളതാണ്. 

ഇന്ത്യന്‍ നിയമപ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നതിനാല്‍ മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തങ്ങള്‍ മരവിപ്പിച്ചിട്ടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി. അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണെങ്കില്‍ അത് ജനങ്ങളുടെ അവകാശങ്ങള്‍ക്കെതിരായ നടപടിയായിരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait