ഗായകന്‍ എം.എസ് നസീം അന്തരിച്ചു

Published on 10 February 2021 11:23 am IST
×

തിരുവനന്തപുരം: ഗായകന്‍ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

നാടകങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് നസീം. നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ് എന്നീ കലാ സിമിതികള്‍ക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹത്തെ കെ.പി.എ.സിയില്‍ എത്തിച്ചു. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ പാടിയിട്ടുണ്ട്. 

ദൂരദര്‍ശന്റെ നിരവധി പരിപാടികളിലും അദ്ദേഹം പാടിയിട്ടുണ്ട്. 1992, 93, 95, 97 വര്‍ഷങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 1987ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ സംഗീത പരമ്പര ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദ ലഹരിയുടെ അമരക്കാരനായിരുന്നു അദ്ദേഹം. 

കഴിഞ്ഞ പത്ത് വര്‍ഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു. കബറടക്കം  വൈകുന്നേരം മൂന്നിന് പള്ളിപ്പുറം ജമാഅത്തില്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait