കണ്ണൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു 

Published on 10 February 2021 10:34 am IST
×

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തോട്ടട സമാജ്വാദി കോളനിയിലെ സുലൈമാന്റെയും കൊച്ചമ്മയുടെയും മകളായ കെ.സ്‌നേഹ(34)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സ്‌നേഹയെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 5.30ഓടെ കുടുബാംഗങ്ങള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെ സ്‌നേഹ മണ്ണെണ്ണ ദേഹത്തൊഴിച്ച് വീടിനു പുറത്തേക്കിറങ്ങി തീ കൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പോലിസ് നിഗമനം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കിഴുന്ന 36ാം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സ്‌നേഹ നേരത്തെ പരിചയമുള്ള രാജേഷ് എന്നയാളെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അടുത്തിടെ വിവാഹം ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ കോളനിയിലെ സ്‌നേഹയുടെ കുടുബാംഗങ്ങളുമൊത്ത് താമസിച്ചു വരികയാണ്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളും സഹോദരന്‍ ജോയിയും വീട്ടിലുണ്ടായിരുന്നു. മറ്റൊരു സഹോദരിയും മക്കളും ഇവിടെയാണ് താമസം.

സംസ്ഥാനത്തെ തന്നെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ കുടുംബശ്രീയുടെ അംഗമായിരുന്നു. കുടുംബശ്രീയുടെ കീഴില്‍ തുടങ്ങിയ ചിപ്‌സ് നിര്‍മാണ യൂണിറ്റിലും കാറ്ററിങ് ജോലിയിലും നിര്‍മാണമേഖലയിലും തൊഴിലെടുത്ത് വരികയായിരുന്നു. സംഭവത്തില്‍ എടക്കാട് പോലിസ് കോളനിയിലും ആശുപത്രിയിലും എത്തി പരിശോധന നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം സമാജ്വാദി കോളനിയിലെ വീട്ടിലും തുടര്‍ന്ന് കാല്‍ടെക്‌സിലെ സഹപ്രവര്‍ത്തകരുടെ വീട്ടിലും പൊതുദര്‍ശനത്തിനു വെക്കും. വൈകീട്ടോടെ സംസ്‌കാരം നടക്കും. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait