അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം 

Published on 10 February 2021 10:32 am IST
×

തിരുവനന്തപുരം: 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് നടക്കുന്ന മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കും മാത്രമാണ് പ്രവേശനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് പാസ് അനുവദിച്ചത്.

ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായി നടക്കുന്നെന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീന്‍ലുക് ഗൊദാര്‍ദിനുവേണ്ടി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം 'ക്വോ വാഡിസ് ഐഡ'യാണ് ഉദ്ഘാടന ചിത്രം. നഗരത്തിലെ ആറു തിയേറ്ററുകളിലായി 2164 ഇരിപ്പിടങ്ങളാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 2500 പാസുകളാണ് തിരുവനന്തപുരത്തെ മേളയില്‍ അനുവദിച്ചിട്ടുള്ളത്. അന്തരിച്ച കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോളനാസ്, ഇര്‍ഫാന്‍ ഖാന്‍, രാമചന്ദ്രബാബു, ഷാനവാസ് നരണിപ്പുഴ, സൗമിത്ര ചാറ്റര്‍ജി, ഭാനു അത്തയ്യ, സച്ചി, അനില്‍ നെടുമങ്ങാട്, ഋഷികപൂര്‍ എന്നീ പ്രതിഭകളുടെ ചിത്രങ്ങളും മേളയുടെ ഭാഗമാകും.

30ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായ വാസന്തി, ബിരിയാണി എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇത്തവണ സംവാദവേദിയും ഓപ്പണ്‍ഫോറവും ഓണ്‍ലൈനിലാണ്. ആദ്യ ദിനം നാലു മത്സരച്ചിത്രങ്ങളടക്കം 18 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തില്‍ ആദ്യം ബഹ്മെന്‍ തവോസി സംവിധാനം ചെയ്ത 'ദി നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്സ്' എന്ന ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഷീന്‍ലുക് ഗൊദാര്‍ദിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളില്‍ വച്ചാണ് ഇത്തവണ ഐ.എഫ്.എഫ്.കെ നടക്കുക. തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയുമാണ് മേള.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait