നിയമസഭ തെരഞ്ഞെടുപ്പ്: പേരാവൂരില്‍ പോരാട്ടം തീപാറും

ശിവദാസന്‍ കരിപ്പാല്‍
Published on 09 February 2021 4:30 pm IST
×

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇക്കുറി പേരാവൂരില്‍ പോരാട്ടം തീപാറും. കൂടുതല്‍ തവണയും ഐക്യമുന്നണിയെ ചേര്‍ത്തുപിടിച്ച പേരാവൂര്‍ നിയമസഭ മണ്ഡലം ഇടതിനോട് തൊട്ടുകൂടായ്മയും കാണിച്ചിട്ടില്ല. അതിനാല്‍ പേരാവൂര്‍ ആരുടെയും കുത്തക മണ്ഡലമാണെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല. 1957മുതല്‍ 77വരെ ഇരിക്കൂര്‍ മണ്ഡലത്തിന്റെ ഭാഗമായപ്പോഴും 77ല്‍ പേരാവൂര്‍ മണ്ഡലമായപ്പോഴും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ തവണ തുണച്ചത് യു.ഡി.എഫിനെയാണ്.

1977ല്‍ മണ്ഡലം രൂപീകൃതമായപ്പോള്‍ കഥ മാറി. 1977 മുതല്‍ പിന്നീടിങ്ങോട്ട് 1991 വരെ നടന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിലെ കെ.പി നൂറുദ്ദീന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സി.പി.എമ്മിലെ ഇ.പി കൃഷ്ണന്‍ നമ്പ്യാരെ 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 4989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.പി.സി.സി അംഗമായിരുന്ന നൂറുദ്ദീന്‍ തോല്‍പിച്ചത്. 1980ലെ തെരഞ്ഞെടുപ്പില്‍ ഇടതുപാളയത്തിലായിരുന്ന കോണ്‍ഗ്രസ് എ വിഭാഗത്തിലായിരുന്നു കെ.പി നൂറുദ്ദീന്‍. അന്ന് കോണ്‍. ഐ വിഭാഗത്തിലെ സി.എം കരുണാകരന്‍ നമ്പ്യാരെ പരാജയപ്പെടുത്തിയാണ് നൂറുദ്ദീന്‍ നിയമസഭയിലെത്തിയത്. 82ല്‍ പി.രാമകൃഷ്ണനെയും 87, 91 വര്‍ഷങ്ങളില്‍ എല്‍.ഡി.എഫ് ഘടകകക്ഷിയായ കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും തോല്‍പിച്ച് അദ്ദേഹം നിയമസഭയിലെത്തി. എന്നാല്‍, 1996ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ് എസിലെ കെ.ടി കുഞ്ഞഹമ്മദിനോട് 186 വോട്ടിന് നൂറുദ്ദീന്‍ പരാജയപ്പെട്ടു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പിന്നീടിങ്ങോട്ട് ജനപ്രതിനിധിയാകാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. 2001ല്‍ കഥ വീണ്ടും മാറി. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് നൂറുദ്ദീനെ തന്നെയായിരുന്നു. രണ്ടാഴ്ചയോളം പ്രചാരണ രംഗത്ത് അദ്ദേഹം സജീവമായി. എന്നാല്‍, കോണ്‍ഗ്രസിലെ ശക്തമായ ഗ്രൂപ് പോരാട്ടത്തെ തുടര്‍ന്ന് ഐ വിഭാഗത്തിലെ എ.ഡി മുസ്തഫയെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി മാറ്റി പ്രഖ്യാപിച്ചു. ഇതോടെ, നൂറുദ്ദീന് കളം വിട്ടൊഴിയേണ്ടിവന്നു. ആ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ കെ.ടി കുഞ്ഞഹമ്മദിനെ 1173 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മുസ്തഫ പേരാവൂരിന്റെ എം.എല്‍.എയായി.

2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പേരാവൂരിന്റെ തലയെഴുത്ത് മറ്റൊന്നായിരുന്നു. ഘടകകക്ഷിയായ കോണ്‍ഗ്രസ് എസില്‍ നിന്ന് സി.പി.എം മണ്ഡലം തിരിച്ചെടുത്തു. സി.പി.എമ്മിന്റെ വനിതാ സ്ഥാനാര്‍ഥിയായി കെ.കെ ശൈലജ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. സിറ്റിങ് എം.എല്‍.എ മുസ്തഫയെ 9009 വോട്ടിന് പരാജയപ്പെടുത്തി ശൈലജ എല്‍.ഡി.എഫിന് കരുത്തുറ്റ വിജയം സമ്മാനിച്ചു.

2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ പേരാവൂരിന്റെ മുഖച്ഛായ മാറി. മട്ടന്നൂര്‍ നഗരസഭ, കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകള്‍ തുടങ്ങി ഇടതിന് സ്വാധീനമുള്ള മേഖലകള്‍ മട്ടന്നൂര്‍ മണ്ഡലത്തിന്റെ ഭാഗമായി മാറി. കോണ്‍ഗ്രസിന് സ്വാധീനമുള്ള കുടിയേറ്റ മേഖല ഉള്‍പ്പെടുന്ന കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ പേരാവൂരിനോടൊപ്പം കൂട്ടിച്ചേര്‍ത്തു. ഇതോടെ, യു.ഡി.എഫിന് വ്യക്തമായ മേല്‍കൈയുള്ള മണ്ഡലമായി പേരാവൂര്‍ മാറി.

പിന്നീട് 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ. സണ്ണി ജോസഫിനോട് 3340 വോട്ടിന് കെ.കെ ശൈലജ പരാജയപ്പെട്ടു. 2016ലും സണ്ണി ജോസഫ് വിജയം ആവര്‍ത്തിച്ചു. സി.പി.എമ്മിന്റെ യുവ നേതാവ് അഡ്വ. ബിനോയ് കുര്യനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും നിയമസഭയിലെത്തിയത്.

ഇത്തവണ യു.ഡി.എഫില്‍ സണ്ണി ജോസഫിന് തന്നെയാണ് നറുക്കു വീഴാന്‍ സാധ്യത. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിന്റെ പേരും സജീവ പരിഗണയിലാണ്. സണ്ണി ജോസഫ്, കെ.സി ജോസഫ് ഒഴിയുന്ന ഇരിക്കൂറിലേക്ക് മാറാന്‍ ശ്രമം നടത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ പേരാവൂരില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിക്കിന്റെ പേരും പരിഗണിക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഗ്രൂപ്പ് പോരും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും യു.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 48 വര്‍ഷം ഭരിച്ച കണിച്ചാര്‍ പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായിരുന്നു.
കേളകത്ത് ഭരണം തിരിച്ചുപിടിക്കാന്‍ സാധിച്ചതുമില്ല. കൊട്ടിയൂരില്‍ ബലാബലമായി. എന്നാല്‍, ഈ അടിയൊഴുക്കുകള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന് മണ്ഡലത്തില്‍ വ്യക്തമായ മേല്‍കൈയുണ്ടായിരുന്നു. ഈ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ കണക്കിലെടുത്ത് കെ.കെ ശൈലജയെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ക്രിസ്ത്യന്‍ സ്വാധീന മേഖലയായതിനാല്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സീറ്റിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പേരാവൂര്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ സി.പി.എം മുതിരില്ല.

കെ.കെ ശൈലജയെ നിര്‍ത്തിയാല്‍ പേരാവൂര്‍ പിടിച്ചെടുക്കാനാവുമെന്ന് പ്രാദേശിക സി.പി.എം നേതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. ശൈലജ പേരാവൂരിലേക്ക് വരുന്നില്ലെങ്കില്‍ ഇരിട്ടി ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ യുവനേതാവ് സക്കീര്‍ ഹുസൈനെ പരിഗണിക്കാനാണ് സി.പി.എം ഒരുങ്ങുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കാനാണ് തീരുമാനം. പരമാവധി വോട്ടുകള്‍ കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ഡി.എ. സണ്ണി ജോസഫ് ഹാട്രിക് പൂര്‍ത്തിയാക്കുമോ അതോ ഒരിക്കല്‍കൂടി കെ.കെ ശൈലജ പേരാവൂര്‍ പിടിച്ചടക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait