ഇരിട്ടി: ഇരിട്ടി പാലത്തിനു സമീപം തളിപ്പറമ്പ് റോഡിന് അഭിമുഖമായ ഇരിട്ടിക്കുന്ന് ഇടിച്ചു നിരത്തുന്നു. 75 അടിയോളം ഉയരമുള്ള കുന്നാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത്. നേരത്തെ ഈ മേഖലയില്‍ മണ്ണിടിക്കാന്‍ ശ്രമം നടന്നപ്പോള്‍ പ്രതിഷേധം ഉയരുകയും നിര്‍ത്തിവക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ രണ്ട് ആഴ്ചയോളമായി നിരവധി ടിപ്പറുകളിലായി മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വേനലിലും വറ്റാത്ത ഒരു നീര്ച്ചാല് ഈ കുന്നില്‍ ഉത്ഭവിച്ച് ഇരിട്ടി പുഴയില്‍ ചേരുന്നുണ്ട്. ഈ ജല സ്രോതസിനും കുന്നിടിക്കല്‍ ഭീഷണിയാണ്. നഗര ഹൃദയത്തില്‍ നടക്കുന്ന മണ്ണിടിക്കലിനെതരേ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കെട്ടിട നിര്‍മാണത്തിനായാണ് മണ്ണ് നീക്കുന്നത്. ഇതിനായി ജിയോളജി അനുമതിയും പായം പഞ്ചായത്തില്‍ നിന്ന് ഭൂവികസന പെര്‍മിറ്റും ലഭിച്ചിരുന്നു. 1948 ക്യൂബിക് അടി മണ്ണ് നീക്കാനായാണ് ജിയോളജി അനുമതിയുള്ളത്. 193000 രൂപയും ജിയോളജി വിഭാഗത്തില്‍ ഫീസായി അടച്ചിട്ടുണ്ടെന്നും സ്ഥലം ഉടമ പറഞ്ഞു.
ഇരിട്ടി പാലത്തിനു സമീപം മണ്ണ് നീക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്വേഷണത്തില്‍ ജിയോളജിയുടെ ഉള്‍പ്പെടെ അനുമതി അവര്‍ക്കുള്ളതായി മനസിലാക്കാനായി. മണ്ണ് നീക്കം റവന്യു വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. ജിയോളജി അനുമതി നല്‍കിയതില്‍ കൂടുതല്‍ അളവ് മണ്ണ് നീക്കാന്‍ സമ്മതിക്കില്ലെന്ന് റവന്യു അധികൃതരും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.