പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതി തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയായി; പവര്‍ഹൗസ് പ്രവൃത്തി ഉദ്ഘാടനം 12ന് 

Published on 09 February 2021 11:44 am IST
×
പഴശി മിനി സാഗര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍

ഇരിട്ടി: കെ.എസ്.ഇ.ബിയുടെ പൂര്‍ണ്ണ മേല്‍നോട്ടത്തില്‍ പഴശ്ശി പദ്ധതിയിലെ വെള്ളം പ്രയോജനപ്പെടുത്തി 113 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പവര്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് 12ന് വൈകിട്ട് നാലിന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി തറക്കല്ലിടും. 

പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന നിര്‍മ്മാണ പ്രവൃത്തിയായ മൂന്ന് തുരങ്കങ്ങളുടെ നിര്‍മാണ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. ഇതിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള പവര്‍ ഹൗസിന്റെയും ഇലക്ട്രോ മെക്കാനിക്കല്‍ പ്രവ്യത്തികളുടെയും നിര്‍മ്മാണോദ്ഘാടനമാണ് 12ന് നിര്‍വ്വഹിക്കുന്നത് കുയിലൂര്‍ ഡാം സൈറ്റില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനാകും. 

പഴശി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയില്‍ നിര്‍മ്മിക്കുന്ന പദ്ധതിയില്‍ നിന്നും പ്രതിവര്‍ഷം 25.16 മില്ല്യന്‍ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസമാണ് ഇത്രയും വൈദ്യുതി ഉത്പാദനം പ്രതീക്ഷിക്കുന്ന ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതി കൂടിയാണ് പഴശി സാഗര്‍ പദ്ധതി. മറ്റ് വൈദ്യുത പദ്ധതികള്‍ പോലെ കൂറ്റന്‍ അണക്കെട്ടോ, നെടുനീളന്‍ കനാലുകളോ പഴശ്ശി സാഗര്‍ പദ്ധതിക്കില്ല. പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ അണക്കെട്ടില്‍ ശേഖരിച്ചു നിര്‍ത്തുന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുക. ഇപ്പോള്‍ മഴക്കാലത്ത് പദ്ധതിയുടെ ഷട്ടര്‍ പൂര്‍ണ്ണമായും തുറന്നിട്ട് വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനം പഴശ്ശി സാഗര്‍ പ്രവര്‍ത്തികമാകുന്നതോടെ അവസാനിക്കും. മഴക്കാലത്തും ഷട്ടറുകള്‍ അടച്ച് വെള്ളം സംഭരിക്കാനാണ് തീരുമാനം.

ജല വിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടര്‍ സ്ഥലമാണ് വൈദ്യുത പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ അണക്കെട്ടില്‍ നിന്നും വൈദ്യത പദ്ധതിയുടെ പവര്‍ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള മൂന്ന് തുരങ്കത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിരുന്നു. 2.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനായി ഈ പദ്ധതിയില്‍ ഉപയോഗിക്കുക. ഇതിനായാണ് പഴശ്ശി ജല സംഭരണിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിച്ചത് അവിടെ നിന്നും മൂന്ന് തുരങ്കം വഴി വെള്ളം പവര്‍ ഹൗസില്‍ എത്തിച്ചാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുക. 64 കോടി രൂപ ചിലവിലാണ് പവര്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈറോഡ് ആസ്ഥാനമായ ആര്‍.എസ് ഡവലപ്പേഴ്‌സാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait