സ്വര്‍ണക്കടത്ത്-പിന്‍വാതില്‍ നിയമനം: സര്‍ക്കാരിനെ കടന്നാക്രമിച്ച് ചെന്നിത്തല

Published on 09 February 2021 11:10 am IST
×

പാലക്കാട്: സ്വര്‍ണക്കടത്ത്-പിന്‍വാതില്‍ നിയമന വിഷയത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ട് കാരണം സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടു. മുഖ്യമന്ത്രി കത്തെഴുതിയപ്പോള്‍ അവര്‍ വന്നു. മുഖ്യമന്ത്രി രണ്ടാമത് കത്തെഴുതിയപ്പോള്‍ അന്വേഷണം നിലച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു. 

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിലച്ചിട്ട് ഒരു മാസമായി. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള പുതിയ കൂട്ടുകെട്ടു കൊണ്ടാണ് അന്വേഷണം നിലച്ചുപോയത്. ഇ.ഡിയുടെയും എന്‍.ഐ.എയുടെയും കസ്റ്റംസിന്റെയും അന്വേഷണം എവിടെയാണ്. അന്വേഷണം മരവിപ്പിച്ചിരിക്കുന്നത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പുതിയ കൂട്ടുകെട്ടിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മൂന്നുലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയ നാണംകെട്ട സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എം.പിമാരുടെ ഭാര്യമാര്‍ക്കെല്ലാം ജോലി. എം.എല്‍.എമാരുടെയും കമ്യൂണിസ്റ്റുകാരുടെയും മക്കള്‍ക്ക് ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി കിട്ടുന്നതിന് ഞങ്ങള്‍ ആരും എതിരല്ല. പക്ഷെ പിന്‍വാതിലിലൂടെ, അന്യായമായി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കൊടുക്കുന്ന ജോലിയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഈ സമരം ജനങ്ങളുടെയും ചെറുപ്പക്കാരുടെയും വികാരമാണ്. അത് അടിച്ചമര്‍ത്താമെന്ന് ഭരണകൂടം കരുതണ്ട. സമരം ശക്തമാകും. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait